'ഇന്ത്യൻ യുവത അഭിമാനം, പ്രതീക്ഷ'; എസ്‌എഫ്‌ഐ പരിപാടിയിൽ പങ്കെടുത്ത് ഗ്രേറ്റ ട്യുൻബെർഗ്
"നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഇന്ത്യൻ വിദ്യാർഥികളുടെ പോരാട്ടം നമ്മുടേതും"; ലണ്ടനിൽ എസ്‌എഫ്‌ഐ വേദിയിൽ ഗ്രേറ്റ ട്യുൻബെർഗ്.

ഇന്ത്യയിലെ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ എസ്‌എഫ്‌ഐ യു.കെ. ട്രാഫൽഗർ സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്. ഇന്ത്യൻ വിദ്യാർഥികളുടെ സമരത്തിന് രാജ്യാന്തര ഐക്യദാർഢ്യം പ്രകടിപ്പിക്കാനായിരുന്നു ഗ്രേറ്റ പ്രതിഷേധ വേദിയിലെത്തിയത്.
പരിപാടിയിൽ സംസാരിച്ച ഗ്രേറ്റ, ഇന്ത്യയിലെ വിദ്യാർഥികളുടെ പോരാട്ടം ലോകമെമ്പാടുമുള്ള യുവാക്കൾക്ക് അഭിമാനവും പ്രതീക്ഷയും നൽകുന്നതാണെന്ന് പറഞ്ഞു. നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സമരം തങ്ങളുടേത് കൂടിയാണെന്നും അവർ വ്യക്തമാക്കി.
ഗ്രേറ്റയുടെ വാക്കുകൾ:
"ഇന്ത്യയിലെ യുവതയ്‌ക്കൊപ്പമാണ് ലോകം നിൽക്കുന്നതെന്ന് ഈ പ്രതിഷേധത്തിലൂടെ നാം തെളിയിക്കുകയാണ്. ഇന്ത്യൻ വിദ്യാർഥികളുടെ സമരപോരാട്ടം അഭിമാനവും പ്രതീക്ഷയും നൽകുന്നതാണ്. വിദ്യാർഥികൾ ഒറ്റക്കെട്ടായി നിന്നാൽ എന്തും സാധ്യമാണെന്ന് അവർ തെളിയിച്ചു. നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഈ പോരാട്ടം നമ്മുടേത് കൂടിയാണ്. ഇന്ത്യയിൽ പോരാടുന്ന യുവതയ്‌ക്കൊപ്പം നമ്മളും അണിചേരണം. നിങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. നന്ദി."
വിദ്യാർഥി, സാമൂഹിക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രേറ്റ ട്യുൻബെർഗ് മുമ്പും നിരവധി വേദികളിൽ പങ്കെടുത്തിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങൾക്കപ്പുറം ആഗോളതലത്തിലുള്ള വിവിധ ജനകീയ സമരങ്ങൾക്കും അവർ പിന്തുണ നൽകാറുണ്ട്.
2021-ൽ ഇന്ത്യയിലെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തിനും ഗ്രേറ്റ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അന്ന് സമരവുമായി ബന്ധപ്പെട്ട 'ടൂൾകിറ്റ്' സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് രാജ്യാന്തരതലത്തിൽ വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

Comments
Be the first to comment.