സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് പൊലീസ് അതിക്രമമെന്ന് ആരോപണം
മുംബൈയിലെ സിജെപി പ്രതിഷേധത്തിനിടെ സിവിൽ വസ്ത്രത്തിലുള്ള പൊലീസുദ്യോഗസ്ഥൻ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം.

സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വസ്ത്രത്തിലുള്ള പൊലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു.
അതേസമയം, പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും മുംബൈ പൊലീസ് വിശദീകരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങളിൽ, പൊലീസ് നടപടിക്കിടെ സിവിൽ വസ്ത്രത്തിലുള്ള ഉദ്യോഗസ്ഥൻ യുവതിയെ പിന്നിൽ നിന്ന് പിടിക്കുന്നതായി കാണാം. ഇതിനിടെ തിരിഞ്ഞുനിൽക്കുന്ന യുവതിയുടെ ശരീരത്തിൽ ഉദ്യോഗസ്ഥന്റെ കൈ സ്പർശിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പിന്നാലെ സഹായത്തിനായി മറ്റ് പൊലീസുകാരെ കൈവീശി വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം, പ്രചരിക്കുന്ന ആരോപണങ്ങൾ മുംബൈ പൊലീസ് നിഷേധിച്ചു. വീഡിയോ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചതായും, ഒരു യുവാവിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ യുവതി ഇടപെട്ട രംഗം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും ഡിസിപി അക്‌ബർ പത്താൻ വ്യക്തമാക്കി.
സംഭവത്തിൽ പ്രതികരിച്ച കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദ്, വനിതാ പ്രതിഷേധക്കാരെ നേരിടാൻ പുരുഷ പൊലീസുകാരെ വിന്യസിച്ചത് അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിൽ വിദ്യാർഥികൾ നടത്തിയ മാർച്ച് നേരത്തെ സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളോട് ലഹരിക്കേസിൽ കുടുക്കുമെന്നും ജയിലിലാക്കുമെന്നും ഒരു പൊലീസുദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Comments
Be the first to comment.