കേരളം

രാത്രി 11ന് ഉറങ്ങാന്‍ കിടന്ന മകള്‍... നട്ടപ്പാതിരയ്ക്ക് സുഹൃത്തിന്റെ വിളി; പുലര്‍ച്ചെ ആശുപത്രിയില്‍!

രാത്രി 11ന് ഉറങ്ങാൻ കിടന്ന മകൾ... ഒന്നരയ്ക്ക് ആശുപത്രിയിലെന്ന് ആൺസുഹൃത്ത്; സംഭവിച്ചത്..

case
case

രക്ഷിതാക്കൾ അറിയാതെ അർധരാത്രിയിൽ 16കാരിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരി നൽകിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിൽ ഇന്നലെ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

അഞ്ചുകുന്ന് കല്ലിട്ടാംകുഴി സ്വദേശിനി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് ഒടുവിൽ അറസ്റ്റിലായത്. നേരത്തെ റോബിൻ കെ. ജോയ് (20), അമൽ കൃഷ്ണ (20), കെ.വി. ജിതിൻ (22), സി. അജിത്കുമാർ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം 12-നാണ് സംഭവം. രാത്രി 11 മണിയോടെ ഉറങ്ങാൻ കിടന്ന 16കാരിയെ പെൺസുഹൃത്ത് ചായ കുടിക്കാൻ പോകാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാർ ഇത് അറിഞ്ഞിരുന്നില്ല.

പുലർച്ചെ ഒന്നരയോടെ ഒരു യുവാവ് മാതാപിതാക്കളെ ഫോണിൽ വിളിച്ച് മകൾക്ക് അപകടത്തിൽ പരിക്കേറ്റതായും ആദ്യം മാനന്തവാടിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയതായും അറിയിച്ചു. തുടർന്ന് മകളെ കാണാതായ വിവരം മനസ്സിലാക്കിയ മാതാപിതാക്കൾ മുറി പരിശോധിച്ചപ്പോൾ അടുക്കള വാതിൽ തുറന്നുകിടക്കുന്നതായി കണ്ടെത്തി. പിന്നാലെ അവർ ആശുപത്രിയിലെത്തി.

ലഹരിയുടെ മയക്കം മാറിയ ശേഷമാണ് പെൺസുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് തന്നെ വീട്ടിൽ നിന്ന് കൊണ്ടുപോയതെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതായും ആരോപണമുണ്ട്.

പിന്നീട് മാനന്തവാടി കണിയാരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിനും മുഖത്തും സാരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Comments

Be the first to comment.