വേൾഡ്

തുർക്കിക്ക് എഫ്-35 വിൽക്കരുതെന്ന നെതന്യാഹുവിന്റെ ആവശ്യം തള്ളി ട്രംപ്; 'ഞങ്ങൾ എന്ത് വിൽക്കണമെന്ന് ആരും നിർദേശിക്കേണ്ട'

തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന നെതന്യാഹുവിന്റെ ആവശ്യം ട്രംപ് തള്ളി. "ഞങ്ങൾ എന്ത് വിൽക്കണമെന്ന് ആരും നിർദേശിക്കേണ്ട" എന്ന ട്രംപിന്റെ പ്രതികരണം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

trump
trump

തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി.

വൈറ്റ് ഹൗസിൽ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് മുൻപ് എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്ക ആരോട് എന്ത് വിൽക്കണമെന്ന് മറ്റാരും നിർദേശിക്കേണ്ടതില്ലെന്നും, തുർക്കി അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

തുർക്കി ഭരണകൂടം മുസ്ലിം ബ്രദർഹുഡ് പോലുള്ള സംഘടനകളുടെ സ്വാധീനത്തിലാണെന്നും, അതിനാൽ എഫ്-35 യുദ്ധവിമാനങ്ങളോ അതിന്റെ എൻജിനുകളോ നൽകാൻ പാടില്ലെന്നുമാണ് നെതന്യാഹു നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ട്രംപ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനുമായുള്ള തന്റെ നല്ല ബന്ധം എടുത്തുപറഞ്ഞു. തുർക്കി ശക്തമായ സൈനികശേഷിയുള്ള രാജ്യവും അമേരിക്കയുടെ വിശ്വസ്ത സഖ്യകക്ഷിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റഷ്യയിൽ നിന്ന് എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടർന്ന് 2020-ൽ തുർക്കിയെ എഫ്-35 പദ്ധതിയിൽ നിന്ന് അമേരിക്ക ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ ഇപ്പോഴും പൂർണമായി പിൻവലിച്ചിട്ടില്ല.

എസ്-400 സംവിധാനം പൂർണമായും ഒഴിവാക്കുകയും ഭാവിയിൽ അത് വാങ്ങില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്താൽ മാത്രമേ തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകുന്ന കാര്യം പരിഗണിക്കൂ എന്ന നിലപാടാണ് അമേരിക്ക നിലവിൽ തുടരുന്നത്.

Comments

Be the first to comment.