മുൻ ബിജെപി മന്ത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; മരണത്തിൽ ദുരൂഹത, അന്വേഷണം
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിട്ട 15കാരി; മൂന്നാം നാൾ ജീവനൊടുക്കാൻ കാരണം എന്ത്?
മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിട്ട 15-കാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആന്ധ്രാപ്രദേശിൽ ദുഃഖമുണ്ടാക്കി. റാംപാചോടവരം മണ്ഡലത്തിലെ ഇർലപ്പള്ളി സ്വദേശിനിയും റാംപാചോടവരം സർക്കാർ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ മുർറം ശിവാനിയാണ് മരിച്ചത്.
മരിക്കുന്നതിന് മൂന്ന് ദിവസം മുൻപാണ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച മെഗാ പേരന്റ്-ടീച്ചർ പരിപാടിയിൽ ശിവാനി ശ്രദ്ധ നേടിയത്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനും വിദ്യാഭ്യാസമന്ത്രി നാര ലോകേഷിനുമൊപ്പം വേദി പങ്കിട്ട ശിവാനി, 'ഷൈനിങ് സ്റ്റാർ' പുരസ്‌കാരം നേടുകയെന്നതാണ് തന്റെ സ്വപ്നമെന്ന് പരിപാടിയിൽ പറഞ്ഞിരുന്നു.
ഹൃദയസ്പർശിയായ പ്രസംഗത്തിലൂടെ കാണികളുടെ ശ്രദ്ധ നേടിയ ശിവാനിയെ മുഖ്യമന്ത്രി വേദിയിൽ തനിക്കരികിലേക്ക് വിളിച്ചിരുത്തി സംസാരിക്കുകയും പിന്നീട് കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശിവാനിയെ പിന്നീട് മുത്തശ്ശിയുടെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നുണ്ടായിരുന്നുവെങ്കിലും അതിന് കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നതായി കുറിപ്പിൽ പറയുന്നു. ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും ജീവിതം വളരെ പ്രയാസകരമാണെന്ന് തോന്നുന്നതായും കുടുംബാംഗങ്ങൾ എപ്പോഴും ഒരുമിച്ച് നിൽക്കണമെന്നും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
അതേസമയം, ശിവാനിയുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ശിവാനിയുടെ മരണത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഗാധ ദുഃഖം രേഖപ്പെടുത്തി. സമഗ്രമായ അന്വേഷണം നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്‌കൂൾ പരിപാടിയിൽ ശിവാനി നടത്തിയ പ്രസംഗം ഓർത്തെടുത്ത മുഖ്യമന്ത്രി, ഈ മരണം അതീവ ഹൃദയഭേദകമാണെന്ന് പറഞ്ഞു. മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥികൾ അവരുടെ പ്രശ്നങ്ങൾ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ അധ്യാപകരോടോ തുറന്ന് പറയണമെന്നും, ഏത് പ്രശ്നത്തിനും പരിഹാരമുണ്ടെന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു.

Comments
Be the first to comment.