സിനിമ ടുഡേ

കുട്ടികളുടെ ബഹളം; 'ജനനായകന്റെ' പ്രദർശനം പല തിയറ്ററുകളിലും തടസ്സത്തിൽ

🎬 ''എ' സർട്ടിഫിക്കറ്റ് ചിത്രത്തിന് കുട്ടികളുമായി എത്തിയ കുടുംബങ്ങൾ; ചെന്നൈയിലെ പല തിയറ്ററുകളിലും 'ജനനായകന്റെ' പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. ടിക്കറ്റ് തുകയും തിരികെ നൽകി.

cm
cm

'ജനനായകന്റെ' പ്രദർശനം പലയിടത്തും തടസ്സപ്പെട്ടു

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം 'ജനനായകൻ' പ്രദർശിപ്പിക്കുന്നതിനിടെ ചെന്നൈയിലെ ചില തിയറ്ററുകളിൽ അപ്രതീക്ഷിത തടസ്സമുണ്ടായി. 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം കാണാൻ കുട്ടികളുമായി കുടുംബങ്ങൾ എത്തിയതാണ് പ്രദർശനം നിർത്തിവെക്കാനോ വൈകിക്കാനോ കാരണം.

ഞായറാഴ്ച രാവിലെ ചെന്നൈയിലെ അമ്പാ മാളിലെ പി.വി.ആർ സിനിമാസിൽ നടന്ന ഷോയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ തിയറ്ററിനുള്ളിൽ പ്രവേശിച്ചതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസും തിയറ്റർ ജീവനക്കാരും ഇടപെട്ട് പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു.

കുട്ടികളുമായി എത്തിയ കുടുംബങ്ങളോട് തിയറ്ററിന് പുറത്തുപോകാൻ ആവശ്യപ്പെട്ട അധികൃതർ ടിക്കറ്റിന്റെ തുക തിരികെ നൽകുമെന്നും അറിയിച്ചു. ഇതേ കാരണത്താൽ ചെന്നൈയിലെ മറ്റ് ചില തിയറ്ററുകളിലും ഷോകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' വിജയ്‌യുടെ അവസാന സിനിമയായാണ് വിലയിരുത്തപ്പെടുന്നത്. മമിത ബൈജു, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജൂലൈ 23ന് റിലീസ് ചെയ്ത ചിത്രം ഇതിനകം ലോകമെമ്പാടുമായി 230 കോടിയിലധികം രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്.

Comments

Be the first to comment.