കെപിസിസി അധ്യക്ഷൻ ‘ഫുൾ ടൈം’ വേണമെന്ന നിബന്ധന; ചോദ്യം ചെയ്ത് കൊടിക്കുന്നിൽ സുരേഷ്
‘ഫുൾ ടൈം’ കെപിസിസി അധ്യക്ഷൻ എന്ന നിബന്ധനയിൽ വ്യക്തതയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്. പാർട്ടി ഇതുസംബന്ധിച്ച് വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംപിമാരും എംഎൽഎമാരും ആയിരുന്നപ്പോഴാണ് പലരും കെപിസിസി അധ്യക്ഷന്മാരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി. ‘ഫുൾ ടൈം’ അധ്യക്ഷൻ വേണമെന്ന കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തിയിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാർട്ടിയുടെ നിലപാട് എന്താണെന്ന് തനിക്കറിയില്ലെന്നും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കോൺഗ്രസിന് ഇത്തരമൊരു വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വവും ഇത്തരമൊരു നിബന്ധന മുന്നോട്ട് വച്ചിട്ടില്ല. വിഷയത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവർ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും പരത്തുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
എംപിമാരും എംഎൽഎമാരും ആയിരുന്ന സമയത്താണ് പലരും കെപിസിസി അധ്യക്ഷന്മാരായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകുന്നു
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുകയാണ്. നിലവിൽ അദ്ദേഹം വൈദ്യുതി മന്ത്രിയുടെ ചുമതലയും വഹിക്കുന്നുണ്ട്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം നിരവധി നേതാക്കൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേരിൽ എത്താൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.
കെപിസിസി അധ്യക്ഷനെ എത്രയും വേഗം നിശ്ചയിക്കണമെന്ന മുന്നറിയിപ്പ് രാഷ്ട്രീയകാര്യ സമിതി നൽകിയിരുന്നു. എന്നാൽ അടിയന്തരമായി അധ്യക്ഷനെ തീരുമാനിക്കേണ്ട സാഹചര്യമില്ലെന്നാണ് എഐസിസിയുടെ വിലയിരുത്തൽ. ഉടൻ ചർച്ചകൾ ആരംഭിച്ച് പുതിയ അധ്യക്ഷനെ നിയമിക്കുമെന്ന സൂചനയും നിലവിൽ ലഭിച്ചിട്ടില്ല.
പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ അവിടങ്ങളിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ദേശീയ നേതൃത്വം മുൻഗണന നൽകുന്നത്.
ചർച്ചകളിൽ നിന്ന് അകന്ന് നിൽക്കുന്ന സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരെയും പിന്തുണയ്ക്കില്ലെന്ന നിലപാട് സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് വിവരം.
കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ മന്ത്രി പദവിക്കൊപ്പം പാർട്ടി അധ്യക്ഷന്റെ ചുമതലയിൽ തുടരാൻ സണ്ണി ജോസഫിനോട് നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.


Comments
Be the first to comment.