'പരസ്പരമുള്ള പരാമർശങ്ങൾ മറന്നു'; മുഖ്യമന്ത്രിയായ സതീശനുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സുകുമാരൻ നായർ
മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പരസ്പരം നടത്തിയ പരാമർശങ്ങൾ മറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സംവരണം മാത്രമാണ് എൻഎസ്എസിന്റെ ആവശ്യമെന്നും എൽപിഎസ്ടി ഉദ്യോഗാർത്ഥികളോട് സർക്കാർ അനുഭാവപൂർവമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പരസ്പരം നടത്തിയ പരാമർശങ്ങളെല്ലാം മറന്നുവെന്നും ഇനി സൗഹൃദത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ക്ഷണത്തിന് മറുപടി ലഭിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
വി.ഡി. സതീശൻ നേരത്തെ നടത്തിയ പരാമർശങ്ങൾ ഏത് സാഹചര്യത്തിലായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. അത് തങ്ങൾക്ക് ബോധ്യപ്പെട്ടതായും എന്നാൽ വിശദീകരണം ലഭിക്കാൻ അൽപ്പം വൈകിപ്പോയെന്നും സുകുമാരൻ നായർ പറഞ്ഞു. പരസ്പരം കാര്യങ്ങൾ സംസാരിച്ച് പ്രശ്നം അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരുകളോട് അമിത വിധേയത്വമില്ല
കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹവും അതേ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
എൻഎസ്എസ് ആർക്കും അമിതമായി വിധേയപ്പെടുന്ന സംഘടനയല്ലെന്നും സംസ്ഥാന സർക്കാരിനോടോ കേന്ദ്ര സർക്കാരിനോടോ പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണമെന്നതാണ് എൻഎസ്എസിന്റെ പ്രധാന ആവശ്യം. ഇക്കാര്യം രേഖാമൂലം സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽപിഎസ്ടി ഉദ്യോഗാർത്ഥികളോട് അനുഭാവപൂർവമായ സമീപനം വേണം
എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ സർക്കാർ കൂടുതൽ നയപരവും അനുഭാവപൂർവവുമായ സമീപനം സ്വീകരിക്കണമെന്ന് സുകുമാരൻ നായർ ആവശ്യപ്പെട്ടു. സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.




Comments
Be the first to comment.