ശബരിമല നെയ്യ് ക്രമക്കേട്: കൂടുതൽ വിവരങ്ങൾ പുറത്ത്; മിൽമ കരാറിൽ ദേവസ്വം ബോർഡിന് ₹2.25 കോടിയിലധികം നഷ്ടം
ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മിൽമയ്ക്ക് കരാർ നൽകിയതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടുകോടിയിലധികം രൂപയുടെ അന്യായ സാമ്പത്തിക നഷ്ടമുണ്ടായതായി വിജിലൻസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മിൽമയ്ക്ക് കരാർ നൽകിയതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ട് കോടിയിലധികം രൂപയുടെ അന്യായ സാമ്പത്തിക നഷ്ടമുണ്ടായതായി വിജിലൻസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മിൽമയെക്കാൾ കുറഞ്ഞ നിരക്കിൽ ടെൻഡർ സമർപ്പിച്ച മൂന്ന് കമ്പനികളെ ഒഴിവാക്കിയാണ് കരാർ നൽകിയതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കൂടാതെ, ഭക്തർ സമർപ്പിച്ച നെയ്യും അരവണ നിർമാണത്തിന് ഉപയോഗിച്ചെന്നും ആവശ്യമായ ഭക്ഷ്യഗുണനിലവാര പരിശോധനകൾ നടത്തിയില്ലെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
ടെൻഡർ നടപടിയിൽ പങ്കെടുത്തിട്ടില്ലാത്ത മിൽമയ്ക്ക് കരാർ ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് മൂന്നാം പ്രതിയായ മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് ആരോപണം. ഒരു ബാച്ച് അരവണ തയ്യാറാക്കാൻ സാധാരണയായി 10 ലിറ്റർ നെയ്യ് ആവശ്യമായിരുന്നിടത്ത് 7 ലിറ്റർ മിൽമ നെയ്യ് മതിയാകുമെന്നായിരുന്നു റിപ്പോർട്ട്.
കേസിൽ അഴിമതി നിരോധന നിയമം, 1988-ലെ വകുപ്പ് 7, വകുപ്പ് 13(2) സഹിതം വകുപ്പ് 13(1)(എ), കൂടാതെ ഭാരതീയ ന്യായ സംഹിത, 2023-ലെ വകുപ്പ് 61(2), വകുപ്പ് 316(5) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറി ലിറ്ററിന് ₹369-നും കൊച്ചിയിലെ സ്വാമി അയ്യപ്പ എന്റർപ്രൈസസ് ലിറ്ററിന് ₹375-നും നെയ്യ് വിതരണം ചെയ്യാമെന്ന് ടെൻഡർ നൽകിയിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ പ്രതികൾ ലിറ്ററിന് ₹510 നിരക്കിൽ മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ അനുമതി നൽകിയതായും, ഇതിന്റെ അടിസ്ഥാനത്തിൽ 1,61,535 ലിറ്റർ നെയ്യ് വാങ്ങിയതായും വിജിലൻസ് കണ്ടെത്തി.
മിൽമയ്ക്ക് നൽകിയ കരാറിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ച് ക്രമക്കേട് നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ, മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജിലൻസിന്റെ സതേൺ റേഞ്ച് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.



Comments
Be the first to comment.