'ഗെറ്റ് റെഡി വിത്ത് മി' ചെയ്യൂ; കൈത്തറി ദിനത്തിൽ യുവാക്കളോട് ആഹ്വാനവുമായി മോദി
ദേശീയ കൈത്തറി ദിനത്തിൽ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കൈത്തറി വസ്ത്രങ്ങൾ ധരിച്ച് 'ഗെറ്റ് റെഡി വിത്ത് മി' ട്രെൻഡിൽ പങ്കാളികളാകാനും നെയ്ത്തുകാരെ പിന്തുണയ്ക്കാനും അദ്ദേഹം അഭ്യർഥിച്ചു.
ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് യുവാക്കളോട് പ്രത്യേക ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൈത്തറി വസ്ത്രങ്ങൾ ധരിച്ച് ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന 'ഗെറ്റ് റെഡി വിത്ത് മി' (Get Ready With Me) ട്രെൻഡിൽ പങ്കാളികളാകാനാണ് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മോദിയുടെ ആഹ്വാനം. ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നതിനൊപ്പം രാജ്യത്തെ നെയ്ത്തുകാരെയും കൈത്തറി മേഖലയെയും പിന്തുണയ്ക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
1905 ഓഗസ്റ്റ് 7-ന് ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായ ദിനമാണിതെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി, സ്വയംപര്യാപ്തതയുടെ പ്രതീകമായിരുന്ന ആ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഇന്നും തുടരേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിലൂടെ നെയ്ത്തുകാരുടെ ജീവിതത്തിന് കരുത്താകാമെന്നും, കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഈ മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഓരോ പൗരനും കുറഞ്ഞത് ഒരു കൈത്തറി ഉൽപ്പന്നമെങ്കിലും വാങ്ങണമെന്നും മോദി പറഞ്ഞു. ജനങ്ങളുടെ പിന്തുണ ഇന്ത്യൻ നെയ്ത്തുകാരുടെ കഴിവും കരവിരുതും ലോകത്തിന് മുന്നിൽ എത്തിക്കാനും 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യം കൈവരിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Comments
Be the first to comment.