സ്പോർട്സ് ടുഡേ

ഏഷ്യൻ ഗെയിംസിന് മുന്നൊരുക്കം; തിരുവനന്തപുരം സായിയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി മലേഷ്യൻ താരങ്ങൾ

അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ജൂലൈ മുതൽ തിരുവനന്തപുരം സായിയിൽ മലേഷ്യൻ താരങ്ങൾക്ക് താമസം, ഭക്ഷണം, പരിശീലന സൗകര്യങ്ങൾ ഒരുക്കി. ഏഷ്യൻ ഗെയിംസിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് താരങ്ങൾ സായിയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്. 🏃‍♂️🇲🇾🇮🇳

Sports0
Sports0

ഏഷ്യൻ ഗെയിംസിന് മുന്നോടിയായി മലേഷ്യൻ അത്‌ലറ്റുകൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) തിരുവനന്തപുരം കേന്ദ്രത്തിൽ ഒരു മാസം നീണ്ട പരിശീലനം പൂർത്തിയാക്കി. 800 മീറ്റർ താരം വാൻ മുഹമ്മദ് ഫാസ്‌രിയും 400, 800 മീറ്റർ താരമായ ഉമർ ഉസ്മാനും ഉൾപ്പെട്ട സംഘമാണ് മുൻ ഇന്ത്യൻ പരിശീലകൻ മുഹമ്മദ് അസറുദ്ദീന്റെ കീഴിൽ പരിശീലനം നടത്തിയത്. സെപ്റ്റംബർ 10നാണ് ക്യാമ്പ് അവസാനിച്ചത്. മലേഷ്യൻ അത്‌ലറ്റിക്‌സിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന ക്യാമ്പ്.

അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ജൂലൈ മാസത്തിലാണ് സായ് തിരുവനന്തപുരം കേന്ദ്രം മലേഷ്യൻ താരങ്ങൾക്ക് താമസം, ഭക്ഷണം, പരിശീലനം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഇതിനായി സായിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നില്ല.

2026ലെ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി വിദേശ താരങ്ങൾ സായ് കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം കേന്ദ്രത്തിലെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. നേപ്പാളിൽ നിന്നുള്ള ബോക്സർമാർ സായ് ഗുവാഹത്തി കേന്ദ്രത്തിലും ഇറാനിൽ നിന്നുള്ള കബഡി താരങ്ങൾ സായ് സോനെപത്ത് കേന്ദ്രത്തിലും പരിശീലനം നടത്തിയിരുന്നു.

2020 മുതൽ 2025 വരെ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിരുന്നുവെന്ന് മലേഷ്യൻ പരിശീലകൻ മുഹമ്മദ് അസറുദ്ദീൻ പറഞ്ഞു. പിന്നീട് സായ് ബംഗളൂരുവിൽ നിന്ന് രാജിവെച്ച് മലേഷ്യൻ അത്‌ലറ്റിക്‌സിൽ ചേർന്നു. ഇന്ത്യയിലെ പരിശീലന സൗകര്യങ്ങളെക്കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയാമെന്നും അതിനാലാണ് ഇവിടെ പരിശീലനത്തിന് എത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ പരിശീലനം നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം താരങ്ങൾക്ക് എക്സ്പോഷർ നൽകുകയാണെന്ന് അസറുദ്ദീൻ പറഞ്ഞു. ഇന്ത്യൻ താരങ്ങൾക്കൊപ്പം പരിശീലിക്കുകയും മത്സരിക്കുകയും ചെയ്യുന്നതിലൂടെ കൂടുതൽ അനുഭവസമ്പത്ത് നേടാൻ താരങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതിനേക്കാൾ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യയിൽ പരിശീലനം നടത്തുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മത്സരങ്ങളിലും പങ്കെടുക്കാൻ മലേഷ്യൻ താരങ്ങൾക്ക് അവസരം ലഭിച്ചു. ഓഗസ്റ്റ് 22ന് ഭുവനേശ്വറിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ സിൽവർ ലെവൽ മീറ്റിൽ ഇരുവരും മത്സരിച്ചിരുന്നു.

സായ് തിരുവനന്തപുരം തനിക്ക് ഏറെ പ്രത്യേകതയുള്ള പരിശീലന കേന്ദ്രമാണെന്നും ഇന്ത്യയെ പ്രതിനിധീകരിച്ച നിരവധി ഒളിമ്പ്യന്മാർ ഇവിടെ പരിശീലനം നടത്തിയിട്ടുണ്ടെന്നും അസറുദ്ദീൻ പറഞ്ഞു. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള കായികബന്ധവും ഇവിടെ ലഭിച്ച പരിശീലന അനുഭവവും താരങ്ങൾക്ക് അവിസ്മരണീയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

Be the first to comment.