'സാർ, കാറിന്റെ പിന്നിൽ ചോര'; ഉദ്വേഗത്തിന്റെ അര മണിക്കൂർ, ഡിക്കി തുറന്നപ്പോൾ ട്വിസ്റ്റ്!
കാറിന്റെ പിന്നിൽ രക്തം കണ്ടതോടെ വൻ ഓപ്പറേഷൻ; അരമണിക്കൂർ നീണ്ട ഉദ്വേഗത്തിനൊടുവിൽ എല്ലാവരെയും അമ്പരപ്പിച്ച ട്വിസ്റ്റ്!
കാറിന്റെ ഡിക്കിയുടെ പുറകിൽ നിന്ന് രക്തം ഒഴുകുന്നതായി ലഭിച്ച ഫോൺവിളി പൊലീസിനെ അരമണിക്കൂറോളം ആശങ്കയിലാഴ്ത്തി. കൊലപാതക സംശയത്തിൽ സിനിമാ സ്റ്റൈലിൽ കാർ പിന്തുടർന്ന പൊലീസ്, ഒടുവിൽ ഡിക്കി തുറന്നപ്പോൾ കണ്ടെത്തിയത് കാട്ടുപന്നിയുടെ ജഡം. സംഭവത്തിൽ രണ്ട് തോട്ടം തൊഴിലാളികളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്കാണ് പകൽസമയത്ത് ഫോൺവിളിയെത്തിയത്. ഒരു വാഗണർ കാറിന്റെ ഡിക്കിയുടെ പുറകിൽ നിന്ന് രക്തം ഒഴുകുന്നതായും ആരെയോ കൊലപ്പെടുത്തി മൃതദേഹം കൊണ്ടുപോകുകയാണെന്ന് സംശയിക്കുന്നതായും വിളിച്ചയാൾ പൊലീസിനെ അറിയിച്ചു. തുടർന്ന് കാറിന്റെ നമ്പരും ചിത്രവും പൊലീസ് ഉദ്യോഗസ്ഥർക്ക് വാട്സ്ആപ്പിലൂടെ ലഭിച്ചു.
ചിത്രം പരിശോധിച്ചപ്പോൾ കാറിന്റെ ഡിക്കിക്ക് സമീപം രക്തക്കറയുണ്ടെന്ന് വ്യക്തമായി. ഉടൻ തന്നെ പൊലീസ് സംഘം വാഹനത്തെ പിന്തുടരാൻ പുറപ്പെട്ടു. സമീപത്തെ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനും ശ്രമിച്ചെങ്കിലും ആദ്യം ബന്ധപ്പെടാൻ കഴിഞ്ഞില്ല.
വിവരം നൽകിയയാളോട് കാർ പിന്തുടരാൻ ആവശ്യപ്പെട്ടെങ്കിലും ചിത്രമെടുക്കുന്നതിനിടെ വാഹനം കണ്ണിൽനിന്ന് മറഞ്ഞു. എങ്കിലും പൊലീസ് അതേ ദിശയിൽ തിരച്ചിൽ തുടർന്നു. ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ സംശയാസ്പദമായ കാർ കണ്ടെത്തി. പൊലീസ് വാഹനം തടഞ്ഞുനിർത്തിയെങ്കിലും കാർ മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ ജീപ്പ് കുറുകെ നിർത്തി വാഹനം തടയുകയായിരുന്നു.
തുടർന്ന് പൊലീസ് കാർ പരിശോധിച്ചപ്പോൾ ഡിക്കിക്കുള്ളിൽ നിന്ന് കണ്ടെത്തിയത് കാട്ടുപന്നിയുടെ ജഡമായിരുന്നു. ഉടൻ തന്നെ ചിത്രങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ചുനൽകി. പരിശോധനയിൽ അത് കാട്ടുപന്നിയാണെന്ന് സ്ഥിരീകരിച്ചു.
പട്ടാമ്പി പ്രദേശത്ത് കെണിവെച്ച് പിടിച്ച കാട്ടുപന്നിയെ വാങ്ങി കൊണ്ടുപോകുകയായിരുന്ന പാലപ്പിള്ളി സ്വദേശികളായ രണ്ട് തോട്ടം തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ വനംവകുപ്പിന് കൈമാറി.
ആദ്യമായാണ് കാട്ടുപന്നിയുടെ ഇറച്ചി വാങ്ങാൻ ശ്രമിച്ചതെന്നും, വാഹനം കയറ്റുന്നതിനിടെയാണ് രക്തം കാറിൽ പുരണ്ടതെന്നും ഇരുവരും മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം കാട്ടുപന്നിയെ വേട്ടയാടുകയോ അനധികൃതമായി കൈവശം വയ്ക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റമായതിനാൽ ഇരുവർക്കുമെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.

Comments
Be the first to comment.