എന്റർടൈൻമെന്റ്

ആശ ഷമ്മിയുടെ അമ്മയോ? പ്രവചനാതീതമായ കഥ; അസാധ്യ അഭിനയവുമായി ‘ആശ’ തിയേറ്ററുകളിൽ തരംഗമാകുന്നു

നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’ തിയേറ്ററുകളിൽ ശ്രദ്ധ നേടുന്നു. ഡാർക്ക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ ഉർവശിയുടെ ഗംഭീര പ്രകടനം പ്രേക്ഷക പ്രശംസ നേടുകയാണ്.

AASHA
AASHA

‘മനസ്സ് ഒരു മാന്ത്രികക്കൂട്’ എന്ന് കവി പാടിയതുപോലെ, പിടിതരാതെ സഞ്ചരിക്കുന്ന മനസ്സിന്റെ ഉടമയായ ആശയായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഉർവശി. നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ‘ആശ’ എന്ന ഡാർക്ക് സസ്പെൻസ് ത്രില്ലറിൽ കരിയറിലെ തന്നെ സങ്കീർണ്ണമായ കഥാപാത്രങ്ങളിലൊന്നിനെയാണ് ഉർവശി അവതരിപ്പിച്ചിരിക്കുന്നത്.

ഒട്ടേറെ അടരുകളുള്ള കഥാപാത്രമാണ് ആശ. ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായ അവർ രണ്ട് പെൺമക്കളെ വളർത്തി വലുതാക്കുന്നു. ഭർത്താവിൽനിന്ന് നേരിട്ട ദുരനുഭവങ്ങളും പീഡനങ്ങളും ആശയിൽ മാനസിക ആഘാതം സൃഷ്ടിച്ചിരുന്നെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി ജീവിതവുമായി മുന്നോട്ടുപോകുന്ന കഥാപാത്രമാണ് അവർ.

പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്ത് നേടിയ ആശയുടെ ജീവിതം ഒരു രാത്രിയിൽ നടക്കുന്ന സംഭവത്തോടെ പൂർണമായും മാറിമറിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. കഥാപാത്രത്തിന്റെ വ്യത്യസ്ത മാനസികാവസ്ഥകളെ വളരെ കൃത്യതയോടെയാണ് ഉർവശി സ്ക്രീനിലെത്തിച്ചിരിക്കുന്നത്.

ചില സന്ദർഭങ്ങളിൽ മാനസികനില തെറ്റിയെന്ന് തോന്നിപ്പിക്കുന്ന സ്വഭാവവും മറ്റു ചിലപ്പോൾ മക്കളെ ചേർത്തുപിടിക്കുന്ന അമ്മയുടെ സ്നേഹവും മറ്റുചില അവസരങ്ങളിൽ പൊലീസിനോടും നിയമവ്യവസ്ഥയോടും ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന വ്യക്തിത്വവും ഉർവശി മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. ഭാവാഭിനയത്തിലെ മികവ് ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

‘ആശ ഷമ്മിയുടെ അമ്മയോ?’ എന്ന തരത്തിലുള്ള ചർച്ചകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ സജീവമാണ്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ ഷമ്മി എന്ന കഥാപാത്രത്തിന്റെ മാനസിക സവിശേഷതകളുമായി ആശയുടെ കഥാപാത്രത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. താൻ മാത്രമാണ് ശരിയെന്ന നാർസിസിസ്റ്റിക് സ്വഭാവവും പുറമേ മാന്യനായി തോന്നുകയും ഉള്ളിൽ ക്രൂരത പുലർത്തുകയും ചെയ്യുന്ന സൈക്കോപതിക് സ്വഭാവവും ടോക്സിക് മാസ്കുലിനിറ്റിയും ഷമ്മിയെ ശ്രദ്ധേയനാക്കിയിരുന്നു. ആശയുടെ വ്യത്യസ്തമായ മാനസിക വ്യാപാരങ്ങളും സമാന രീതിയിൽ പ്രേക്ഷക ചർച്ചകളിൽ ഇടം നേടുകയാണ്.

നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’ മലയാളത്തിലെ ശ്രദ്ധേയമായ ഡാർക്ക് സസ്പെൻസ് ത്രില്ലറായാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ഉർവശിക്ക് പുറമെ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ എന്നിവരുടെ പ്രകടനങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.

മധു നീലകണ്ഠന്റെ ഛായാഗ്രഹണം, ഷാൻ മുഹമ്മദിന്റെ എഡിറ്റിംഗ്, ഗോവിന്ദ് വസന്ത ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ സസ്പെൻസ് നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളും ചേർന്ന് പ്രേക്ഷകർക്ക് ആകാംക്ഷ നിറഞ്ഞ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

Comments

Be the first to comment.