7 മാസത്തിന് ശേഷം 18കാരിയെ കണ്ടെത്തി; ആധാർ ഒടിപി വഴി ലൊക്കേഷൻ കണ്ടെത്തി, വിവാഹിതയും ഗർഭിണിയുമെന്ന് പൊലീസ്
ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിൽ 18കാരിയെ കണ്ടെത്തി. കനകപുര താലൂക്കിലെ ഒരു ഗ്രാമത്തിൽ വിവാഹിതനായ ഒരാൾക്കൊപ്പം താമസിക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആധാർ ഒ.ടി.പി ഉപയോഗിച്ചതോടെയാണ് പൊലീസിന് യുവതിയുടെ ലൊക്കേഷൻ കണ്ടെത്താനായത്.

ഏഴ് മാസം മുമ്പ് കാണാതായ കർണാടക വിദ്യാരണ്യപുരം സ്വദേശിയായ 18കാരിയെ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി 31നാണ് രണ്ടാം വർഷ പി.യു.സി വിദ്യാർഥിനിയെ കാണാതായത്. നീണ്ട അന്വേഷണത്തിനൊടുവിൽ കനകപുര താലൂക്കിലെ ഒരു ഗ്രാമത്തിൽ വിവാഹിതനായ ഒരാൾക്കൊപ്പം താമസിക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതി വിവാഹിതയും ഗർഭിണിയുമാണെന്ന് പൊലീസ് അറിയിച്ചു.
കോളേജിലേക്ക് പോകുകയാണെന്ന് വീട്ടിൽ പറഞ്ഞാണ് പെൺകുട്ടി പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്തിനൊപ്പം വീട്ടിൽനിന്ന് പോയത്. ആധാർ കാർഡുകളും കോളേജ് ബാഗുകളും മാത്രമാണ് ഇരുവരും കൈവശം കരുതിയിരുന്നത്. മൊബൈൽ ഫോണോ മറ്റ് സാധനങ്ങളോ ഇവരുടെ പക്കലുണ്ടായിരുന്നില്ല.
തുടർന്ന് ഇരുവരും മലൈ മഹാദേശ്വര ഹിൽസിലേക്ക് യാത്ര ചെയ്യുകയും പിന്നീട് വേർപിരിയുകയും ചെയ്തു. പൊലീസ് വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം സി.ഐ.ഡി അന്വേഷണം ഏറ്റെടുത്തു.
അന്വേഷണത്തിനിടെയാണ് പെൺകുട്ടി ആധാർ വിവരങ്ങൾ ഉപയോഗിച്ച് ഒരു സർക്കാർ ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്. രജിസ്ട്രേഷനായി ഭർത്താവിന്റെ ഫോൺ നമ്പറാണ് നൽകിയിരുന്നത്. ആധാർ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ലഭിച്ച ഒ.ടി.പി വിവരങ്ങൾ പിന്തുടർന്നാണ് പൊലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
തുടർന്ന് കനകപുരയിലെ ഒരു ഗ്രാമത്തിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾക്ക് ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയച്ചു.
അതേസമയം, പെൺകുട്ടിക്കൊപ്പം വീട്ടിൽനിന്ന് പോയ പ്രായപൂർത്തിയാകാത്ത സുഹൃത്തിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

Comments
Be the first to comment.