പനി ബാധിച്ച് ഭാര്യ മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭർത്താവ്
ചികിത്സാപ്പിഴവിൽ ഭാര്യ മരിച്ചെന്ന ആരോപണം; പ്രകോപിതനായ ഭർത്താവ് ആശുപത്രിക്ക് തീയിട്ടു, വൻ ദുരന്തം ഒഴിവായി.
ചികിത്സാപ്പിഴവിനെ തുടർന്ന് ഭാര്യ മരിച്ചെന്നാരോപിച്ച് സ്വകാര്യ ആശുപത്രിക്ക് ഭർത്താവ് തീയിട്ടു. തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം ജില്ലയിലാണ് സംഭവം.
പനി ബാധിച്ച് ചികിത്സയിലായിരുന്ന 36-കാരി വെങ്കട്ട രമ്മണയാണ് മരിച്ചത്. ഡോക്ടർമാർ അമിത അളവിൽ മരുന്ന് നൽകിയതാണ് മരണത്തിന് കാരണമായതെന്നാണ് ഭർത്താവിന്റെ ആരോപണം. ഭാര്യയുടെ മരണത്തിൽ പ്രകോപിതനായ ഇയാൾ ആശുപത്രിക്കുള്ളിൽ കയറി റിസപ്ഷൻ കൗണ്ടറിന് തീയിടുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.
പാൽവഞ്ച മണ്ഡലത്തിലെ ദന്തേലബോരു ഗ്രാമത്തിൽ താമസിക്കുന്ന ഗോത്രവിഭാഗാംഗമാണ് മരിച്ച വെങ്കട്ട രമ്മണ. പനിയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
മരണകാരണം സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും, ആരോഗ്യനില ഗുരുതരമായ ശേഷമാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും കുടുംബം ആരോപിച്ചു. ആശുപത്രി ജീവനക്കാർ ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറിയതെന്നും ബന്ധുക്കൾ പറഞ്ഞു.
ഭാര്യയുടെ മരണത്തിൽ പ്രതിഷേധിച്ച് ആശുപത്രിക്കുള്ളിൽ ബഹളംവച്ച ഭർത്താവ് റിസപ്ഷൻ കൗണ്ടറിന് തീയിട്ടു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട പരാതികളും ആശുപത്രിക്കുണ്ടായ തീപിടിത്തവും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Comments
Be the first to comment.