ബ്രിക്സ് ഉച്ചകോടി: ദില്ലിയിൽ കനത്ത സുരക്ഷ; പൊലീസ് നിർദേശങ്ങൾ പുറത്തിറക്കി
ഉച്ചകോടിയോടനുബന്ധിച്ച് വിവിധ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ നൽകി.
ദില്ലി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിൽ കനത്ത ജാഗ്രത. നഗരത്തിലെ വിവിധ മേഖലകളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. സെപ്റ്റംബർ 12, 13 തീയതികളിലാണ് ദില്ലിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. വെള്ളിയാഴ്ചയോടെ വിവിധ രാജ്യങ്ങളിലെ ലോകനേതാക്കൾ ദില്ലിയിലെത്തുമെന്നാണ് വിവരം.
പൊതു ഇടങ്ങൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഉപേക്ഷിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ ബാഗുകളോ മറ്റ് വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവ തൊടുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുത്. സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
കൃത്യമായ പരിശോധന നടത്താതെ അപരിചിതർക്ക് താമസസൗകര്യമോ അഭയമോ ജോലിയോ നൽകുന്നത് ഒഴിവാക്കണം. ഹോട്ടൽ, ഗസ്റ്റ് ഹൗസ് തുടങ്ങിയ താമസസൗകര്യങ്ങളുടെ നടത്തിപ്പുകാർ അതിഥികളുടെയും സന്ദർശകരുടെയും രേഖകൾ കൃത്യമായി പരിശോധിച്ച് സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു. വീട്ടുജോലിക്കാർ, വാടകക്കാർ, മറ്റ് വ്യക്തികൾ എന്നിവരുടെ ആവശ്യമായ പൊലീസ് പരിശോധന ഉറപ്പാക്കണമെന്നും താമസക്കാരോട് നിർദേശിച്ചിട്ടുണ്ട്.
ഉച്ചകോടിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങൾ, നിശ്ചിത റൂട്ടുകൾ, വേദികൾ എന്നിവയ്ക്ക് സമീപം അനാവശ്യമായി ആളുകൾ കൂട്ടം കൂടുന്നതും ഒഴിവാക്കണം.
യാത്രകൾ നേരത്തെ ആസൂത്രണം ചെയ്യണം
ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ യാത്രകൾ നേരത്തെ ആസൂത്രണം ചെയ്യണമെന്നും അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും പൊലീസ് അറിയിച്ചു. സാധ്യമാകുന്നിടത്തെല്ലാം മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
നിയന്ത്രിത മേഖലകളിലൂടെയും വിഐപി സഞ്ചാരത്തിനായി നിശ്ചയിച്ച റൂട്ടുകളിലൂടെയും അനാവശ്യ യാത്രകൾ ഒഴിവാക്കണം. റോഡുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും ഗതാഗത നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
നിയന്ത്രിത റോഡുകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്നവർ ആവശ്യമായ അധിക യാത്രാസമയം കണക്കാക്കി നേരത്തെ പുറപ്പെടണമെന്നും പൊലീസ് നിർദേശിച്ചു.

Comments
Be the first to comment.