ഇന്ത്യ

ധാതുഖനന അധികാരവും കേന്ദ്രം കവരുന്നോ?

നമ്മുടെ വീടുകളും റോഡുകളും കെട്ടിടങ്ങളും പാലങ്ങളും — ഇവയെല്ലാം നിർമ്മിക്കാൻ ആവശ്യമായ മണൽ, കല്ല്, ഗ്രാനൈറ്റ് തുടങ്ങിയ അസംസ്കൃത വിഭവങ്ങൾ, വ്യവസായങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേണ്ട ധാതുക്കൾ, കരിമണൽ പോലെയുള്ള അപൂ൪വ്വ ധാതുക്കൾ, ഈ പ്രകൃതി വിഭവങ്ങൾ ആരുടേതാണ്? അത് ഉപയോഗിക്കാനുള്ള അധികാരം ആർക്കാണ്? ഇവയൊക്കെ ഖനനം ചെയ്യുന്ന ഖനികളുടെ നിയന്ത്രണം ആരുടെ അധികാരമാണ്? അതാത് സംസ്ഥാനങ്ങൾക്കോ അതോ കേന്ദ്ര സർക്കാരിനോ?

നമ്മുടെ വീടുകളും റോഡുകളും കെട്ടിടങ്ങളും പാലങ്ങളും — ഇവയെല്ലാം നിർമ്മിക്കാൻ ആവശ്യമായ മണൽ, കല്ല്, ഗ്രാനൈറ്റ് തുടങ്ങിയ അസംസ്കൃത വിഭവങ്ങൾ, വ്യവസായങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേണ്ട ധാതുക്കൾ, കരിമണൽ പോലെയുള്ള അപൂ൪വ്വ ധാതുക്കൾ, ഈ പ്രകൃതി വിഭവങ്ങൾ ആരുടേതാണ്? അത് ഉപയോഗിക്കാനുള്ള അധികാരം ആർക്കാണ്? ഇവയൊക്കെ ഖനനം ചെയ്യുന്ന ഖനികളുടെ നിയന്ത്രണം ആരുടെ അധികാരമാണ്? അതാത് സംസ്ഥാനങ്ങൾക്കോ അതോ കേന്ദ്ര സർക്കാരിനോ?

ഈ ചോദ്യം ഇപ്പോൾ കേരളത്തിലും രാജ്യത്തും വീണ്ടും ശക്തമായി ഉയരുകയാണ്. കാരണം, ഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ നികുതി അധികാരം പരിമിതപ്പെടുത്താനുള്ള കേന്ദ്രനീക്കമാണ് പുതിയ രാഷ്ട്രീയ-ഭരണഘടനാ തർക്കത്തിന് വഴിവെച്ചിരിക്കുന്നത്. പാ൪ലമെന്റിൽ ഈ കഴിഞ്ഞ ഓഗസ്റ്റ് 13ന് പാസാക്കിയ Mines and Minerals (Development and Regulation) Amendment Bill, 2026  കേരളം പോലെ ധാതുസമ്പന്നമായ സംസ്ഥാനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ഈ ഖനി-ധാതു വികസനവും നിയന്ത്രണവും ഭേദഗതി നിയമത്തിലൂടെ  ധാതുക്കളിലും അവയുടെ നിക്ഷേപങ്ങളുള്ള ഭൂമിയിലും (minerals and mineral-bearing lands)-ലും സംസ്ഥാനങ്ങൾക്ക് പുതിയ നികുതികളും സെസ്സു-കളും ചുമത്താനുള്ള അധികാരം നിയന്ത്രിക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ വാദം, രാജ്യത്താകെ വ്യത്യസ്ത നികുതി സംവിധാനങ്ങൾ ഉണ്ടാകുന്നത് വിപണിയെ വിഭജിക്കുകയും mineral costs വർധിപ്പിക്കുകയും ചെയ്യും എന്നാണ്. എന്നാൽ കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതിനെ സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണഘടനാപരവുമായ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം എന്നാണ് കാണുന്നത്. 

അപ്പോൾ യഥാർത്ഥ പ്രശ്നം എന്താണ്? ഇത് വെറും mining tax-ന്റെ പ്രശ്നമാണോ? അല്ല. ഇത് ഇന്ത്യയിലെ ഫെഡറലിസം, കേന്ദ്ര-സംസ്ഥാന അധികാരബന്ധം, എത്രമാത്രം സന്തുലിതമാണ് എന്നതിന്റെ കൂടി പരീക്ഷണമാണ്.

ഭരണഘടന ഇക്കാര്യത്തിൽ എന്താണ് പറയുന്നത്? ഖനനമേഖലയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുണ്ട് എന്നാണ്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിൽ യൂണിയ൯ ലിസ്റ്റിലെ 54ആം വകുപ്പ്  ആണ് ഖനികൾ, ധാതുക്കള്‍ എന്നിവയുടെയൊക്കെ നിയന്ത്രണത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. അതായത് രാജ്യത്തെ ഖനികളിൽ കേന്ദ്ര സ൪ക്കാറിന് നിലവിൽ തന്നെ നിയന്ത്രണം ഉണ്ട്. അതേസമയം സ്റ്റേറ്റ് ലിസ്റ്റിലെ 23ആം വകുപ്പ് സംസ്ഥാനങ്ങൾക്കും ഖനനവുമായി ബന്ധപ്പെട്ട അധികാരം നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് Mines and Minerals (Development and Regulation) Act — MMDR Act, 1957 നിലവിൽ വന്നത്. അതായത്, ഇന്ത്യയിൽ ആദ്യകാലം മുതൽ തന്നെ ഖനികളുടെയും ധാതുക്കളുടെയും നിയന്ത്രണം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സംയുക്തമായി അധികാരവും അവകാശവും നല്‍കിയിട്ടുള്ള ഒരു ഫെഡറൽ സംവിധാനമാണ് പിന്തുടരുന്നത്. കേന്ദ്രം ദേശീയതലത്തിലുള്ള ധാതു ഖനന നയവും, പ്രധാന നിയന്ത്രണങ്ങളും കൈകാര്യം ചെയ്യുമ്പോൾ. സംസ്ഥാനങ്ങൾക്ക് നിർണായകമായ ഭരണ-നിയന്ത്രണ അധികാരങ്ങൾ അനുവദിച്ചിരിക്കുന്നു. 

കേരളത്തിന്റെ Department of Mining and Geology തന്നെ വ്യക്തമാക്കുന്നത് minor minerals സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും, കേരളം അതിനായി സ്വന്തം Minor Mineral Concession Rules ഉൾപ്പെടെയുള്ള നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്നിട്ടുണ്ടെന്നുമാണ്. Minor minerals എന്നത് മണൽ, കളിമണ്ണ്‍, കെട്ടിട നി൪മാണത്തിനാവശ്യമായ ഗ്രനൈറ്റ് മുതലായ കല്ലുകൾ തുടങ്ങിയവ ഒക്കെയാണ്. 

ചോദ്യം കേന്ദ്രത്തിനോ സംസ്ഥാനത്തിനോ മാത്രം അധികാരം വേണമോ എന്നല്ല. ആ അധികാരം ഭരണഘടന നിശ്ചയിച്ച പരിധിയിൽ എങ്ങനെ പങ്കിടണം എന്നതാണ്. ആഴക്കടല്‍ ധാതു ഖനനവും, മണൽഖനനവും ഒക്കെ കേന്ദ്രത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന നിയമ ഭേദഗതികൾ ഇതിനു മുന്‍പുതന്നെ കേന്ദ്ര സര്‍ക്കാ൪ കൊണ്ടുവരുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോൾ ഖനികളിലും, ധാതുക്കളിലും ഉള്ള സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം കവരുന്ന നിയമ ഭേദഗതി  കേന്ദ്ര സര്‍ക്കാ൪ പാസാക്കിയിരിക്കുന്നത്. ഖനനം പാട്ടത്തിനു നല്‍കാനും, അധിക നികുതികള്‍, റോയൽറ്റി, സെസ്സ് എന്നിവയുടെ നിരക്കുകള്‍ നിശ്ചയിക്കാനും ഒക്കെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പുതിയ നിയമ ഭേദഗതിയിലൂടെ പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന ആശങ്കയാണ് ഇപ്പോൾ ഉയര്‍ന്നിട്ടുള്ളത്. ഉദാഹരണത്തിന് കേരളം കരിമണല്‍ ഖനനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം നികുതി ഈടാക്കുന്നുണ്ട്. ബജറ്റില്‍ ഈ നികുതിയിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം ഏതാണ്ട് 763 കോടി രൂപയാണ്. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ സംസ്ഥാനങ്ങളുടെ ഇത്തരം വരുമാന മാര്‍ഗങ്ങളിൽ കേന്ദ്രത്തിനു തടയിടാനാകും. 

ഇത്തരുണത്തില്‍ 2024-ലെ സുപ്രീം കോടതി വിധി വളരെ പ്രധാനമാണ്. ഒൻപതംഗ ഭരണഘടനാ ബെഞ്ച്, സംസ്ഥാനങ്ങൾക്ക് mineral rights-ലും mineral-bearing lands-ലും നികുതി ചുമത്താനുള്ള ഭരണഘടനാപരമായ അധികാരമുണ്ടെന്ന് വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം, mining companies കേന്ദ്രത്തിന് നൽകുന്ന റോയൽറ്റി ഒരു നികുതി അല്ല എന്നും കോടതി വ്യക്തമാക്കി. 

അതായത്, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വതന്ത്രാധികാരത്തിന് സുപ്രീം കോടതി ഒരു പ്രധാന ഭരണഘടനാപരമായ അംഗീകാരം നൽകിയിട്ട് രണ്ടുവർഷം പോലും കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ കേന്ദ്രനിയമനീക്കം വരുന്നത്.

ഇതാണ് ഇപ്പോഴത്തെ തർക്കത്തിന്റെ ഗൗരവം. കേരളമടക്കമുള്ള  സംസ്ഥാനങ്ങളുടെ  വാദം വളരെ ലളിതമാണ്. ഒരു സംസ്ഥാനത്തിന്റെ ഭൂമിയിൽ നിന്നാണ് ധാതു സമ്പത്ത് പുറത്തെടുക്കുന്നത്. അതിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ചെലവ് ആ സംസ്ഥാനം വഹിക്കുന്നു. അപ്പോൾ അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ സംസ്ഥാനത്തിന് ന്യായമായ പങ്കും, fiscal autonomy-യും വേണം എന്നതാണ് അത്.

ഓരോ സംസ്ഥാനവും വ്യത്യസ്തമായ നികുതികളും cess-കളും ചുമത്തിയാൽ ധാതു അടിസ്ഥാനമാക്കി പ്രവ൪ത്തിക്കുന്ന വ്യവസായങ്ങൾക്ക്  ചിലവ് വർദ്ധിക്കാം. രാജ്യത്തിനകത്തെ ഒരു ഏകീകൃത വിപണി എന്ന സംവിധാനത്തിന് അത് പ്രശ്നമാകാം. അതിനാൽ ഒരു ഐക്യരൂപം  ആവശ്യമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 

കേരളത്തിന് ഈ വിഷയം ഏറെ പ്രധാനമാണ്. ജാ൪ഘണ്ട്, ഒഡീഷ, ചത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ ധാതു സമ്പദ്വ്യവസ്ഥ വ്യത്യസ്തമാണ്. കേരളത്തിൽ ഗ്രാനൈറ്റ്, റോക്ക്, മണൽ, കളിമണ്ണ്‍, മിനറൽ സാന്റ് തുടങ്ങിയ മൈന൪ മിനറൽസ് എന്നിവ നിർമ്മാണമേഖലയുമായും അടിസ്ഥാനസൗകര്യ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തോറിയം കേരളത്തിന്‍റെ സവിശേഷമായ അപൂ൪വ ധാതു സമ്പത്താണ്‌. 

അതേസമയം ഖനനത്തിന്റെ മറ്റൊരു വശം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ഖനനത്തിന്റെ ആഘാതം പലപ്പോഴും അനുഭവപ്പെടുന്നത് ആ പ്രദേശത്തെ പ്രകൃതിയിലാണ്. അപ്പോൾ തീരുമാനമെടുക്കുന്നത് ഡൽഹിയിൽ ഇരിക്കുന്ന ഒരു കേന്ദ്ര ഏജൻസിയാകണമോ? അതോ ആ പ്രദേശത്തെ ഭൂമിശാസ്ത്രവും ജനങ്ങളുടെ ആശങ്കകളും നേരിട്ട് അറിയുന്ന സംസ്ഥാന സർക്കാരിനും പ്രാദേശിക സ്ഥാപനങ്ങൾക്കും കൂടുതൽ പങ്കുണ്ടാകണമോ? ഇതാണ് ഫെഡറലിസന്റെ യഥാർത്ഥ ചോദ്യം.

ഖനനം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ആവശ്യമാണ്. ധാതുക്കൾ ഇല്ലാതെ അടിസ്ഥാനസൗകര്യങ്ങൾ ഇല്ല. വ്യവസായം ഇല്ല. ഊ൪ജോൽപ്പാദനം പോലും സാധ്യമാവില്ല. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം കേന്ദ്രത്തിന്റെ മാത്രമോ സംസ്ഥാനങ്ങളുടെ മാത്രമോ അധികാരമാവാ൯ പാടില്ല. കാരണം ധാതുക്കൾ ദേശീയ സമ്പത്താണ്. പക്ഷേ ഖനനത്തിന്‍റെ ആഘാതം പലപ്പോഴും പ്രാദേശികമാണ്. അതുകൊണ്ട് രാജ്യത്ത് വേണ്ടത് അധികാരത്തിന്റെ കേന്ദ്രീകരണമല്ല. അധികാരത്തിന്റെ ശരിയായ പങ്കിടലാണ്. കേന്ദ്രത്തിന് ദേശീയ നയത്തിൽ ശക്തമായ പങ്കുണ്ടാകട്ടെ. പക്ഷേ അതോടൊപ്പം സംസ്ഥാനങ്ങളുടെ സാമ്പത്തിക പരമാധികാരവും, പാരിസ്ഥിതിക ഉത്തരവാദിത്തവും, ജനാധിപത്യ അവകാശവും ഒക്കെ സംരക്ഷിക്കപ്പെടുകയും വേണ്ടതുണ്ട്. അതുകൊണ്ട് പുതിയ ധാതു ഖനന നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം  യഥാർത്ഥത്തിൽ ഇന്ത്യയുടെ ഫെഡറലിസത്തിന്റെ ഭാവിക്കായുള്ള പോരാട്ടം കൂടിയാണ്.

Comments

Be the first to comment.