പ്രതികൂല സാഹചര്യങ്ങളിലും ഉച്ചകോടിക്കെത്തിയ ഇറാൻ പ്രസിഡന്റിന് നന്ദി; കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കണമെന്ന് മോദി
മസൂദ് പെസെഷ്കിയനും നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സംഘർഷവും നിലവിലെ സാഹചര്യങ്ങളും ചർച്ചയായി. നാവികരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് മോദി വ്യക്തമാക്കി. കപ്പലുകൾക്ക് സുരക്ഷിത സഞ്ചാരപാത ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഡൽഹിയിലെത്തി. വെള്ളിയാഴ്ച ഡൽഹിയിലെത്തിയ ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയതിന് പെസെഷ്കിയന് മോദി നന്ദി അറിയിച്ചു.
മോദിയും പെസെഷ്കിയനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. പശ്ചിമേഷ്യയിലെ സംഘർഷവും നിലവിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി ചർച്ചയിൽ ഉന്നയിച്ചു. നാവികരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ചർച്ചയും നയതന്ത്രവുമാണ് ഉചിതമായ മാർഗമെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കി. ഊർജസുരക്ഷയും പ്രധാന വിഷയമാണെന്ന് മോദി പറഞ്ഞു. മേഖലയിലൂടെ ചരക്കുകളുമായി സഞ്ചരിക്കുന്ന കപ്പലുകൾക്ക് സുരക്ഷിതമായ സഞ്ചാരപാത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇറാൻ–യുഎസ് സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് മസൂദ് പെസെഷ്കിയൻ ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയത്. ഇറാൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള പെസെഷ്കിയന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
18-ാമത് ബ്രിക്സ് ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്.

Comments
Be the first to comment.