പാറ്റയിൽ പൊലിഞ്ഞ മോദിപ്രഭാവം
ഈ ആഴ്ച ദേശീയ രാഷ്ട്രീയം തിളച്ചു മറിഞ്ഞത് ജന്ദ൪ മന്ദറിലെ പാറ്റ പ്രക്ഷോഭം അതിന്റെ ഉച്ചസ്ഥായിയിലേക്ക് മാറുന്നതും രാജ്യം മുഴുവനും അത് കാട്ടുതീ പോലെ പടരുന്നതും കണ്ടാണ്

ഈ ആഴ്ച ദേശീയ രാഷ്ട്രീയം തിളച്ചു മറിഞ്ഞത് ജന്ദ൪ മന്ദറിലെ പാറ്റ പ്രക്ഷോഭം അതിന്റെ ഉച്ചസ്ഥായിയിലേക്ക് മാറുന്നതും രാജ്യം മുഴുവനും അത് കാട്ടുതീ പോലെ പടരുന്നതും കണ്ടാണ്. രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടുകൂടി BJPയും കേന്ദ്രസര്‍ക്കാറും അക്ഷരാര്‍ത്ഥത്തിൽ പ്രതിരോധത്തിലായി. ആഴ്ചകളോളം ഇത്തരം ഒരു സമരം നടക്കുന്നു എന്നുപോലും കണ്ടതായി ഭാവിക്കാഞ്ഞ പ്രധാനമന്ത്രി പെട്ടെന്ന് ഒരു അര്‍ദ്ധരാത്രി റീൽ ഇറക്കാനും, മന്ത്രിമാ൪ CJPയുടെ ആവശ്യത്തിനു വഴങ്ങി നിക്ഷ്പക്ഷ വേദിയിലേക്ക് ചര്‍ച്ചക്കായി വരാനും നി൪ബന്ധിതമായി. സമര൦ അതിവേഗം ആര്‍ജിച്ച വമ്പിച്ച ജനപിന്തുണയിൽ കേന്ദ്ര സ൪ക്കാ൪ അത്യന്തം പരിഭ്രാന്തരായി.
വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ചു നിന്ന സി.ജെ.പി.യും പ്രതിപക്ഷ കക്ഷികളും പ്രധാനമന്ത്രി മോദിയെ അക്ഷരാര്‍ത്ഥത്തിൽ തന്നെ അടിമുടി ഉലച്ചു എന്ന് പറയാം. ആഴ്ച അവസാനിച്ചത് പലരും അചിന്ത്യം എന്ന് കരുതിയ, അസംഭവ്യം എന്ന് കരുതിയ, മോദിയുടെ തോൽവിക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ്. യുവതയുടെ രോഷത്തിനു മുന്‍പിൽ അവസാനം കേന്ദ്ര സര്‍ക്കാ൪ മുട്ടുമടക്കി. ധര്‍മേന്ദ്ര പ്രധാ൯ രാജിവെച്ചു. അങ്ങനെ ജനാധിപത്യത്തിൽ ജനങ്ങളാണ് രാജ്യത്തിന്‍റെ യഥാര്‍ത്ഥ അധികാരികൾ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
ഒരാളോടും ഉത്തരം പറയേണ്ടതില്ലെന്ന അധികാര ധാ൪ഷ്ട്യത്തിന് ഒരു നാൾ ജനങ്ങൾക്ക് മുന്നിൽ ഉത്തരം പറയേണ്ടി വരുക തന്നെ ചെയ്യുമെന്ന് ജന്ദ൪ മന്ദ൪ കാണിച്ചുതന്നു. ജനാധിപത്യപരമായി ജനങ്ങൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയാൽ ഏത് ഫാസിസ്റ്റ് ഭരണകൂടവും ഭയന്നുവിറക്കുമെന്ന് സമീപകാലത്തെ കര്‍ഷക സമരം പോലെ ഇതാ വീണ്ടും സി.ജെ.പി. സമരവും കാണിച്ചു തന്നിരിക്കുന്നു.
തങ്ങള്‍ക്ക് നീതി നിഷേധിച്ച് പുച്ഛത്തോടെ പുറം തിരിഞ്ഞു നിന്ന ഭാരണാധികാരികള്‍ക്കെതിരെയുള്ള സമരത്തിന് ജന്ദ൪ മന്ദറിലും രാജ്യത്തിന്‍റെ മറ്റിടങ്ങളിലും ഒന്നിച്ച് തോളോട് തോൾ ചേര്‍ന്നവ൪ ആരും ആരോടും ആരുടേയും മതമോ ജാതിയോ ഭാഷയോ ചോദിച്ചില്ല. അവര്‍ ഒറ്റക്കെട്ടായി തങ്ങളുടെ അതിജീവനത്തിനായി. തങ്ങളുടെ ഭാവിക്കായി, തങ്ങളുടെ സഹജീവികൾക്കായി, തങ്ങളുടെ രാജ്യത്തിനായി പോരാട്ടത്തിനിറങ്ങി. മതവും ജാതിയും പറഞ്ഞു ജനങ്ങളെ തമ്മില്‍ തല്ലിച്ച് അധികാരം കൊയ്യുന്നവരെ എതിരിടേണ്ടതെങ്ങനെ എന്നതിനും അങ്ങനെ ഇന്ത്യ൯ യുവത്വം ഈ സമരത്തിലൂടെ വഴികാട്ടിയായി.
ഇനി എന്ത് എന്ന ചോദ്യ൦ സുപ്രധാനമാണ്. CJPയുടെ ഐതിഹാസികമായ ഈ സമരവിജയം ഇന്ത്യയുടെ രാഷ്ട്രീയ ദിശയെ മാറ്റി വരയ്ക്കുമോ? സമ്പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ വിദ്യാഭ്യാസത്തെ അടിസ്ഥാനപരമായി ഉടച്ചുവാര്‍ക്കാ൯ ഈ വിജയം കാരണമാകുമോ? ഇന്ത്യ൯ യുവാക്കൾ ഇന്ന് അഭിമുഖീകരിക്കുന്ന ഭീകരമായ തൊഴിലില്ലായ്മയെ അര്‍ത്ഥവത്തായ രീതിയിൽ അഡ്രസ് ചെയ്യാനും, വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉതകും വിധം സര്‍ക്കാ൪ അതിന്റെ സാമ്പത്തിക നയസമീപനങ്ങളിൽ കാതലായ മാറ്റം വരുത്തുമോ? അതിന് സര്‍ക്കാരിനെ നിര്‍ബന്ധിക്കും വിധം ഒരു രാഷ്ട്രീയ സമ്മര്‍ദ്ദ ഗ്രൂപ്പായി പ്രവര്‍ത്തിക്കാ൯ ഇപ്പോൾ ഉയര്‍ന്നു വന്നിട്ടുള്ള യുവതയുടെ മുന്നേറ്റത്തിന് കഴിയുമോ? ഈ ഊര്‍ജവും മൊമെന്റവും രാജ്യത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താനുള്ള പ്രചോദനമായി വ൪ത്തിക്കുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ചരിത്രപരമായ ഈ സമരവിജയം ഉയ൪ത്തുന്നത്. അത് നിരവധി രാഷ്ട്രീയ സാധ്യതകളാണ് തുറന്നിടുന്നത്.
എന്തുകൊണ്ടാണ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളും യുവാക്കളും തെരുവിൽ പോരാട്ടത്തിന്‍റെ ധീരചരിത്രം രചിക്കാ൯ തുനിഞ്ഞിറങ്ങിയത് എന്നറിയാ൯ ഒരേ ഒരു ഡാറ്റ മാത്രം നോക്കിയാല്‍ മതി.
ഇന്ത്യയിലെ 15നും 24 വയസ്സിനു൦ ഇടയിലുള്ള വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും ഉയര്‍ന്ന് ഇന്ന് 45%ത്തില്‍ എത്തി നില്‍ക്കുകയാണ്. അതായത് ബിരുദമോ ബിരുദാനന്തരബിരുദമോ ഒക്കെ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളിൽ പകുതി പേര്‍ക്കും ജോലിയില്ല എന്നര്‍ത്ഥം. 2024ൽ പാസായ എ൯ജിനീയറിംഗ് ബിരുദധാരികളിൽ 83% ശതമാനത്തിനും ഇപ്പോഴും ഒരു ജോലിയും ലഭിച്ചിട്ടില്ല. സ൪ക്കാ൪ എല്ലാ മേഖലകളില്‍ നിന്നും പിന്‍വാങ്ങുകയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാ൪ ജോലികൾ തീര്‍ത്തും ഇല്ലാതാവുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത വികസന മാതൃക തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വന്‍ നിരയെ ബാക്കിയാക്കുന്നു. അങ്ങനെ രൂക്ഷമായ തൊഴിലില്ലായ്മയും, സര്‍വത്ര അഴിമതിയും നിറഞ്ഞ ഒരു സംവിധാനത്തിലുള്ള എല്ലാ വിശ്വാസങ്ങളും തകരുമ്പോൾ യുവാക്കളുടെ രോഷം തെരുവിൽ പൊട്ടിത്തെറിക്കുന്നതിൽ ഒരു അത്ഭുതവുമില്ല. അതാണ് നമ്മൾ ജന്ദ൪ മന്ദറിലും രാജ്യമെമ്പാടും ഇപ്പോൾ കണ്ടത്.
തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ പുതിയ തലമുറ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഒരേ ഒരു വഴി എന്ന നിലക്കാണ് വര്‍ഷങ്ങളുടെ കഠിനാധ്വാനവും ഒരുപാട് പണവും ചിലവാക്കി NEETഉം IIT JEEയും പോലുള്ള പരീക്ഷകളെ ആശ്രയിക്കുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും വിദ്യാഭ്യാസം മാത്രമാണ് അവരുടെ ദുരവസ്ഥയിൽ നിന്നുള്ള മോചനത്തിനുള്ള ഏക മാര്‍ഗം എന്ന് കരുതുന്നവരാണ്. ആ സിസ്റ്റത്തെപ്പോലും അവര്‍ക്ക് വിശ്വസിക്കാ൯ കഴിയില്ല എന്ന് വരുന്ന ഒരവസ്ഥ ഭീകരമാണ്.
22,79,743 വിദ്യാ൪ത്ഥികളാണ് 2026ലെ NEET UG പരീക്ഷക്ക് രജിസ്റ്റ൪ ചെയ്തിരുന്നത്. 2019ൽ ഇത് 15ലക്ഷവും അതിനും മു൯പുള്ള വർഷങ്ങളിൽ 12 ലക്ഷവും ഒക്കെ ആയിരുന്നു എന്നോ൪ക്കണം. അതായത് കൂടുതൽ കൂടുതൽ യുവാക്കളും യുവതികളും തങ്ങളുടെ ഭാവി ജീവിതം കെട്ടിപ്പടുക്കുന്നതിന് ഇത്തരം പരീക്ഷകളെയും അത് തുറന്നിടുന്ന പ്രൊഫഷണുകളെയും ആശ്രയിക്കുന്ന അവസ്ഥ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കടുത്ത മത്സരവും സമ്മര്‍ദ്ദവും ആണ് വിദ്യാ൪ത്ഥികൾ അനുഭവിക്കുന്നത്.
2026-27 വ൪ഷത്തിൽ രാജ്യത്തെ ആകെ MBBS സീറ്റുകളുടെ എണ്ണം വെറും 1,36,939 ആണ്. അതില്‍ തന്നെ സ൪ക്കാ൪ മെഡിക്കൽ കോളെജുകളിൽ ഉള്ളത് 63,296 സീറ്റുകളാണ്. ബാക്കി സ്വകാര്യ മേഖലയിലാണ്. അതായത് സ്വകാര്യ മെഡിക്കൽ കോളെജിലെ ഭീമമായ ഫീസ് താങ്ങാ൯ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തവരെ സംബന്ധിച്ച് ഈ 63,296 സീറ്റുകളിലേക്ക് വേണ്ടിയാണ് അവ൪ മത്സരിക്കുന്നത്. ഭീമമായ പണം പിടുങ്ങുന്ന വലിയൊരു വ്യവസായമായി തഴച്ചു വളര്‍ന്നിരിക്കുന്ന കോച്ചിംഗ് സെന്‍ററുകളിൽ ചേരാ൯ കഴിവ് ഇല്ലാത്തവര്‍ക്ക് മെഡിക്കൽ വിദ്യാഭ്യാസം വെറും സ്വപ്ന൦ മാത്രമായിരിക്കുന്ന അവസ്ഥയാണുള്ളത്. ഒരു പാട് കുടുംബങ്ങള്‍ തങ്ങളുടെ സര്‍വസ്വവും വിറ്റും പണയപ്പെടുത്തിയുമാണ് കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടി 2ലക്ഷം മുതല്‍ 5ലക്ഷം വരെ ഒരു വർഷം ഫീസ് ആയി കൊള്ളയടിക്കുന്ന ഇത്തരം കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസവും ജീവിതവുമാണ് വിദ്യാഭാസ മന്ത്രിയും പരിവാരങ്ങളും വര്‍ഷങ്ങളായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് തകര്‍ത്തെറിഞ്ഞു കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അപ്പാടെ തകര്‍ത്തു തരിപ്പണമാക്കിയതിന് ആദ്യത്തെ ഉത്തരവാദി ധര്‍മേന്ദ്ര പ്രധാ൯ എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ്. എന്നിട്ട് യാതൊരു ലജ്ജയുമില്ലാതെ ചോദിക്കുകയാണ് വീണ്ടും പരീക്ഷ നടത്തിയില്ലേ, എന്തിനാണ് മന്ത്രി രാജി വെക്കുന്നത് എന്ന്!
ഇത് വെറും ഒരു പരീക്ഷ ചോദ്യപേപ്പ൪ ചോര്‍ച്ചയുടെ മാത്രം വിഷയമല്ല. ഒരു കേന്ദ്രമന്ത്രിയുടെ രാജിയുടെ മാത്രം പ്രശ്നവുമല്ല. ഇത് ഭരണകൂടം നിരന്തരമായി ജനങ്ങളോട് കാണിക്കുന്ന അവജ്ഞയോടും, അവഗണനയോടും, ധാര്‍ഷ്ട്യത്തോടും, ഉത്തരവാദിത്ത രാഹിത്യത്തോടും ഉള്ള ജനങ്ങളുടെ രൂക്ഷമായ പ്രതികരണമാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി അധികാരത്തിലിരിക്കുന്നവ൪ ഇന്ത്യയുടെ എല്ലാ ജനാധിപത്യ ഭരണ സംവിധാനങ്ങളെയും കൈപ്പിടിയിലൊതുക്കുകയും, സ്വന്തക്കാ൪ക്ക് മാത്രമായി രാജ്യത്തെ വിറ്റുമുടിക്കുകയും, അഴിമതി സാര്‍വത്രികമാക്കുകയും, യുവാക്കളെ തീ൪ത്തും അവഗണിക്കുകയും ചെയ്ത ഒരു സ൪ക്കാരിനെതിരെയുള്ള ജനരോഷത്തിന്‍റെ പൊട്ടിത്തെറിയാണ് പാറ്റകളായി പറന്നിറങ്ങിയത്. തുടര്‍ച്ചയായി ഉണ്ടാവുന്ന പരീക്ഷാ ചോദ്യപേപ്പ൪ കച്ചവടത്തിന്‍റെ ഭീകരമായ അഴിമതിക്കഥകളുടെ അവസാനത്തെ എപ്പിസോഡാണ് യുവതയുടെ അടക്കിപ്പിടിച്ച രോഷം തെരുവിലെ തീയായി ആളിക്കത്തുന്നതിനുള്ള ട്രിഗ്ഗ൪ ആയത് എന്നുമാത്രം.
വ൪ഷങ്ങളായി തുടരുന്ന പരീക്ഷാ ചോദ്യ പേപ്പ൪ ചോര്‍ച്ച ഏതെങ്കിലും വ്യക്തികള്‍ക്കോ സംവിധാനത്തിനോ പറ്റിയ ഒരു തവണത്തെ കൈപ്പിഴവല്ല, മറിച്ച് കോച്ചിംഗ് മാഫിയയും, അധികാരത്തിലുള്ളവരും, അവരുടെ ബന്ധുക്കളും സ്വന്തക്കാരും ഒക്കെ ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിവരുന്ന ആസൂത്രിതമായ കുംഭകോണമാണ്. രണ്ടു വര്‍ഷത്തിനുള്ളിൽ മാത്രം 70 തവണയാണ് വിവിധ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കെടുത്താൽ 152 തവണയാണ് ചോ൪ച്ച ഉണ്ടായത്. അതായത് മാസത്തിൽ മിനിമം ഒരു പരീക്ഷാ ചോര്‍ച്ച എങ്കിലും ഉണ്ടായി എന്നര്‍ത്ഥം. ഇത് യാദൃശ്ചികമായി ഉണ്ടാവുന്ന പിഴവല്ല. ഇത് മാഫിയ കച്ചവടമാണ്. തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നു എന്നതിന് അര്‍ത്ഥം കുറ്റവാളികള്‍ക്ക് അധികാരകേന്ദ്രങ്ങളുടെ ശക്തമായ പിന്തുണ ഉണ്ട് എന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിൽ ഒരൊറ്റ ആൾ പോലും പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നറിയുമ്പോഴാണ് ഇത് എത്രത്തോളം വലിയ മാഫിയ ശ്രുംഖലയാണെന്നും അതിന്റെ നീരാളി കൈകൾ എത്ര ഉന്നത തലങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു എന്നും മനസ്സിലാവുക. മുപ്പതും നാൽപ്പതും ലക്ഷത്തിനാണ് NEET പേപ്പറുകൾ വിൽക്കുന്നുണ്ടായിരുന്നത്. 15 മുതൽ 20 ലക്ഷം വരെ വിലയ്ക്കാണ് IIT JEE ചോദ്യ പേപ്പറുകൾക്ക് ഈടാക്കിയിരുന്നത്. ആയിരക്കണക്കിന് കോടികളാണ് ഈ ചോർച്ചാ ബിസിനസ്സിൽ വർഷാവർഷം കൈമറിഞ്ഞിരുന്നത്.
ഈ വർഷം ഉണ്ടായ നീറ്റ് പരീക്ഷാ പേപ്പ൪ ചോർന്നതിന് സമാനമായി 2024ലും നീറ്റ് പേപ്പറുകൾ ചോര്‍ന്നിരുന്നു. അന്നും ഇന്നത്തേത് പോലെ തന്നെ അന്വേഷണമെന്ന പ്രഹസനം ഉണ്ടായി. പ്രധാനമന്ത്രിയുടെ വലിയ പ്രസ്താവനകള്‍ ഉണ്ടായി. പാ൪ലമെന്റിൽ ബില്ല് പാസ്സാക്കി. കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുമെന്നും ഇനി ഇത്തരം ചോ൪ച്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതേ പ്രധാനമന്ത്രി ഉറപ്പുനല്‍കി. പക്ഷെ എല്ലാം വെറും വാക്കായി. അവ൪ ഒന്നും ചെയ്തില്ല.
2026 വന്നു. പഴയതിലും വലിയ തോതിൽ, കൂടുതൽ വ്യാപകമായി, നീറ്റ് പേപ്പ൪ ഇത്തവണയും ചോര്‍ന്നു. രാജ്യമൊട്ടാകെ പരീക്ഷ റദ്ദാക്കുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്യേണ്ടി വന്നു. മാനസിക സമ്മർദ്ദം താങ്ങാനാവാതെ നിരവധി വിദ്യാർത്ഥികൾ ജീവനൊടുക്കി. അതായത് പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്നര്‍ത്ഥം. 2024ലെ ചോര്‍ച്ചക്ക് ശേഷം കൊടുത്ത വാഗ്ദാനങ്ങളിലൊന്നു പോലും നടപ്പാക്കിയിരുന്നില്ല മോദി സർക്കാർ. അവ൪ സംവിധാനം കുറ്റമറ്റതാക്കാ൯ ചെറുവിരലനക്കിയിരുന്നില്ല എന്ന് പകൽ പോലെ വ്യക്തമായി. 2024ലോ അതിനു മുന്‍പോ പേപ്പറുകൾ ചോര്‍ത്തിയ ക്രിമിനലുകള്‍ക്ക് ഒരു പോറൽ പോലും ഏറ്റില്ല. ഒരു സംവിധാനവും തരിമ്പും മാറിയില്ല. മാഫിയകൾ യാതൊരു ഭയവുമില്ലാതെ അവരുടെ കൊള്ള നി൪ബാധം തുടരുകയായിരുന്നു. കാരണം, അവര്‍ക്ക് ഭരണകേന്ദ്രങ്ങളിലുള്ളവരുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടായിരുന്നു.
അതുകൊണ്ടാണ് ഏത് അര്‍ദ്ധരാത്രി എന്ത് നാടക൦ കാണിച്ചാലും, റീലുണ്ടാക്കിയാലും, പ്രധാനമന്ത്രിയുടെ വാക്കുകളെ ആരും മുഖവിലക്കെടുക്കാഞ്ഞത്. അതുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ന് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികൾക്കും മുന്നിൽ അപഹാസ്യനായിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെ ഭരിക്കുന്നതിന് ഒട്ടും കഴിവില്ലെന്ന് തെളിയിക്കുക മാത്രമല്ല, മാഫിയ കുംഭകോണത്തിനു ചൂട്ടുപിടിക്കുകയാണ് ധ൪മേന്ദ്ര പ്രധാന്‍ എന്ന മന്ത്രി ചെയ്തത് എന്ന്‍ ലോകം മുഴുവ൯ തിരിച്ചറിഞ്ഞിരുന്നു.
രാജ്യത്തെ ലക്ഷോപലക്ഷം യുവാക്കളുടെ ഭാവി തന്നെ നിര്‍ണയിക്കുന്ന ഈ സുപ്രധാന പരീക്ഷകള്‍ നടത്തുന്ന National Testing Agency (NTA) ഏറ്റവും കുത്തഴിഞ്ഞ കഴിവുകെട്ട സ്ഥാപനമാണെന്ന് എത്രയോ വട്ടം തെളിഞ്ഞതാണ്. എന്നിട്ടും ആ സംവിധാനത്തെ ശരിയാക്കാ൯ പ്രധാ൯ ഒന്നും ചെയ്തില്ല. NTAക്ക് സ്വന്തമായി സ്റ്റാഫ് പോലുമില്ല എന്നറിയുമ്പോഴാണ് എത്ര കാഷ്വൽ ആയിട്ടായിരുന്നു മന്ത്രാലയം ഈ പരീക്ഷകളുടെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത് എന്ന് നമുക്ക് വ്യക്തമാവുക. ഡെപ്യുട്ടേഷനിൽ ഉള്ള കുറച്ച് ഉദ്യോഗസ്ഥരും ബാക്കി ഭൂരിഭാഗവും താല്‍ക്കാലിക കൊണ്ട്രാക്റ്റ് ജോലിക്കാരും ആണ് NTAയിൽ ഉള്ളത്. പരീക്ഷകളുടെ നടത്തിപ്പ് എല്ലാം സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. പിന്നെ ആര്‍ക്കാണ് ഉത്തരവാദിത്തം ഉണ്ടാവുക? ആരോടാണ് ചോദിക്കുക? അങ്ങനെ NTAയിലേ ഇല്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു എന്നാണ് പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഇങ്ങനെ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ മുച്ചൂടും നശിപ്പിച്ച ഒരു മന്ത്രിക്ക് ഉത്തരവാദിത്തബോധത്തിന്റെ ഒരു കണികയെങ്കിലും ഉണ്ടായിരുന്നെങ്കിൽ പണ്ടേ രാജിവെച്ച് ഒഴിയേണ്ടതായിരുന്നു. അല്ലെങ്കിൽ അയാളെ പുറത്താക്കേണ്ടതായിരുന്നു. എന്നിട്ട് ചോദിക്കുകയാണ് മന്ത്രി എന്തിനു രാജി വെക്കണം എന്ന്!
ഇങ്ങനെ എല്ലാ തലത്തിലുമുള്ള അവഗണനയിലും കെടുകാര്യസ്ഥതയിലും വ്യാപകമായ അഴിമതിയിലും ജീവിതം ദുരിതപൂ൪ണമായി ക്ഷമയുടെ നെല്ലിപ്പടി കണ്ട് സഹികെട്ട് നില്‍ക്കുന്ന ഈ രാജ്യത്തെ യുവതയെ ആണ് നീതിയുടെ അവസാന ആശ്രയമായ ഉന്നത നീതിപീഠത്തിന്റെ തലവ൯ തന്നെ കോക്രോച്ചുകൾ എന്നും പരാന്നഭോജികൾ എന്നും വിളിച്ച് പരിഹസിച്ചത്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന രാജ്യത്ത് തൊഴില്‍രഹിത യുവാക്കളെ അവ൪ കോക്രോച്ചുകളാണെന്നും, അവ൪ സ്വയം മാധ്യമങ്ങളും സോഷ്യൽ മീഡിയകളും ആയി സിസ്റ്റത്തെ വിമര്‍ശിക്കുകണെന്നു൦ ആണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മിശ്ര ആക്ഷേപിച്ചത്.
ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായ ഈ പരാമര്‍ശത്തോട് പ്രതികരിച്ച് അഭിജീത് ദീപ്കെ എന്ന അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യ൯ വിദ്യാ൪ത്ഥി ഇന്‍സ്റ്റഗ്രാമിൽ ഇട്ട ഒരു കമന്‍റിൽ നിന്നാണ് കൊക്രോച്ചുകൾ ഉദിച്ചുയര്‍ന്നത്. ‘പാറ്റകള്‍ ഒന്നിച്ച് ചേ൪ന്നാലോ’ എന്ന അഭിജീത്തിന്റെ കമന്റിന് ലക്ഷക്കണക്കിന് പേരാണ് പ്രതികരിച്ചത്. അങ്ങനെയാണ് CJP ജനിച്ചത്. ആദ്യം വെറുമൊരു ആക്ഷേപഹാസ്യ വേദി എന്ന നിലയില്‍ തുടങ്ങിയ Cockroach Janata Party വളരെ വേഗം രാജ്യത്തെ യുവതയുടെ രോഷവും, ആകുലതകളും, ആശങ്കകളും, ആശയങ്ങളും പങ്കുവെക്കാനുള്ള പ്ലാറ്റ്ഫോമായി വളരുകയായിരുന്നു. ബാക്കി എല്ലാം നമ്മുടെ കണ്മുന്നിൽ വിരിഞ്ഞ ഐതിഹാസികമായ ചരിത്രം!
രാജ്യത്തെ യുവതലമുറയുടെ നേതൃത്വത്തിൽ മേയ് 20ന് പാര്‍ലിമെന്റിലെക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മോദി ഭരണകൂടത്തിന്റെ ഏറ്റവും ഭീകരമായ ഫാസിസ്റ്റ് മുഖത്തെക്കൂടി ആണ് വെളിപ്പെടുത്തിയത്. ഒരു ജനാധിപത്യ രാജ്യത്തിന് ഒട്ടുമേ നിരക്കാത്ത കൊടും ക്രൂരതകളാണ് പോലീസിനെ അഴിച്ചുവിട്ട് മോദി ഭരണകൂടം സമരത്തിനെത്തിയ കുട്ടികള്‍ക്ക് മേൽ നടത്തിയത്. ഒരു പക്ഷെ ഈ പോലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങൾ കൂടിയാണ് രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം CJPയുടെ പിന്നില്‍ അണിനിരക്കാ൯ പ്രേരിപ്പിച്ചതും മോദി സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉണ്ടാക്കിയതും.
ഒരിക്കലും നീതികരിക്കാനാവാത്ത ഭീകരമായ മര്‍ദ്ദനമുറകളെ സുധീരം ചെറുത്തുനിന്ന് നേടിയ യുവതയുടെ വിജയം അതുകൊണ്ടുതന്നെ അതീവ തിളക്കമുള്ളതായി. രാജ്യത്തെ യുവാക്കള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള എല്ലാ അവകാശവും മോദിക്ക് ഇന്ന് നഷ്ടമായിരിക്കുന്നു. യുവാക്കളുടെ മുന്നേറ്റത്തെ തീര്‍ത്തും മനുഷ്യത്വരഹിതമായ മര്‍ദ്ദനമുറയിലൂടെ അടിച്ചൊതുക്കാ൯ ശ്രമിച്ച മോദി ഇന്നൊഴുക്കുന്നത് മുതലക്കണ്ണീ൪ ആണെന്ന് രാജ്യം തിരിച്ചറിയുന്നു.
12 വ൪ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ ഗത്യന്തരമില്ലാതെ ഒരു മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു എന്നത് BJPയെയും മോദിയെയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതാകട്ടെ ജനാധിപത്യത്തിന്റെ വിജയവുമാണ്. ഈ വിജയം ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷനും, ജഡീഷ്യറിയും ഉള്‍പ്പെടെയുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും കാല്‍ക്കീഴിലാക്കി ജനാധിപത്യത്തെ അമ്പേ തകര്‍ത്ത ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ജനങ്ങൾ പ്രതിരോധിക്കാന്‍ തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് ജന്ദ൪ മന്ദറിലെ വിജയം നല്‍കുന്നത്. അത് ഇന്ത്യ൯ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷവും ആവേശവും നല്‍കുന്ന വിജയമാണ്. ജന്ദ൪ മന്ദറിൽ ഇന്ത്യ൯ യുവത്വം തുടക്കം കുറിച്ച ഈ പോരാട്ടം രാജ്യത്ത് ജനാധിപത്യത്തെ പുനസ്ഥാപിക്കുന്നതിനുള്ള ഉജ്ജലമായ ജനകീയ പ്രതിരോധമായി വളരുക തന്നെ ചെയ്യും എന്നത് തീര്‍ച്ചയാണ്. നമ്മുടെ നാളെകൾ വീണ്ടും പ്രകാശമാനമായിരിക്കും എന്ന് ഉറപ്പുവരുത്താനുള്ള ഇന്നിന്‍റെ പോരാട്ടങ്ങൾക്ക് ധൈര്യവും ഊര്‍ജവും ആവേശവും പകര്‍ന്ന ഐതിഹാസികമായ നാഴികക്കല്ലായിട്ടായിരിക്കും ജന്ദ൪ മന്ദറിൽ പാറ്റകൾ നേടിയ ഈ വിജയത്തെ ചരിത്രം അടയാളപ്പെടുത്തുക.

Comments
Be the first to comment.