വന്ദേമാതരം മുഴുവൻ പാടണോ?
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ 'വന്ദേമാതരം' പോലെ ഇത്രയേറെ വൈകാരികമായ സ്ഥാനമുള്ള മറ്റൊരു ഗാനമുണ്ടോ എന്ന് ചോദിച്ചാൽ, ഒരുപക്ഷേ ഇല്ല എന്നാവും ഉത്തരം. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഒരു തലമുറയുടെ ആവേശമായിരുന്നു വന്ദേമാതരം. അതുകൊണ്ടുതന്നെ നമ്മുടെ ഭരണഘടനാ ശില്‍പ്പികൾ ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചപ്പോൾ അതിനൊപ്പം തന്നെ, അതേ പ്രാധാന്യത്തോടെ, വന്ദേമാതരം, ആദ്യത്തെ രണ്ടു ഖണ്ഡങ്ങൾ, ദേശീയ ഗീതമായും അംഗീകരിച്ചു. ഏഴ് പതിറ്റാണ്ടിലധികമായി രാജ്യത്തെ ജനങ്ങൾ അത്യധികം ബഹുമാനത്തോടെയും സ്നേഹത്തോടെയും തന്നെ രണ്ടിനേയും ഹൃദയത്തിലേറ്റിയിരിക്കുന്നു.

ഇന്ന് വന്ദേമാതരം വീണ്ടും രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് വരുകയാണ്. സ്നേഹത്തിന്റെ സന്ദേശവുമായല്ല, ഇത്തവണ വംശീയ വിദ്വേഷത്തിന്‍റെ പതാക വാഹകരുടെ കയ്യിലെ രാഷ്ട്രീയ ആയുധമായാണ് ആ വരവ് എന്നുമാത്രം. ഇത്തവണ അത് സാമ്രാജ്യത്തത്തിനെതിരെയുള്ള യുദ്ധത്തിന് ഒരു ജനതയെ ഒന്നാകെ ആവേശം കൊള്ളിക്കാനല്ല, മറിച്ച് സ്വന്തം ജനതയെ തന്നെ പരസ്പരം ശത്രുക്കളാക്കുകയും, അവര്‍ക്കിടയിൽ വിദ്വേഷത്തിന്റെ വിഷം വിതറുകയും ചെയ്യാനാണ്. രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ ഐക്യത്തെയും സൌഹാ൪ദ്ദത്തേയും രാജ്യസ്നേഹത്തേയും ആണ് സംഘ പരിവാറും ബി.ജെ.പി. സ൪ക്കാരും തികച്ചും അനാവശ്യമായ വന്ദേ മാതരം വിവാദത്തിലൂടെ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി തക൪ക്കാ൯ ശ്രമിക്കുന്നത്.
ദേശീയ ഗീതമായി നമ്മുടെ ഭരണഘടനാ അസ്സംബ്ലി അംഗീകരിക്കച്ചിട്ടുള്ള വന്ദേമാതരത്തിലെ രണ്ട് ചരണങ്ങൾക്ക് പകരം ആറ് ചരണങ്ങളുള്ള പൂർണ്ണ വന്ദേമാതരം ആലപിക്കണമെന്ന തിട്ടൂരവുമായി ഇറങ്ങിയിരിക്കുകയാണ് സംഘ പരിവാറും, കേന്ദ്ര സ൪ക്കാറും. ആറ് ചരണങ്ങളുള്ള പൂർണ്ണ വന്ദേമാതരം ആലപിക്കണമോ? ആരാണ് അത് തീരുമാനിക്കുന്നത്? ആലപിക്കാത്തത് ദേശീയഗീതത്തോടുള്ള അനാദരവായി കണക്കാക്കാമോ? എല്ലാറ്റിലും ഉപരിയായി, ദേശസ്നേഹ൦ ഒരു പ്രത്യേക രീതിയിൽ തന്നെ എല്ലാവരും പ്രകടിപ്പിക്കണം എന്നത് ഒരു ജനാധിപത്യ സമൂഹത്തിൽ നിയമം വഴി നിർബന്ധിക്കാനാകുമോ?
ഈ ചോദ്യങ്ങൾ ഇന്ന്‍ രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. വന്ദേമാതരം സംബന്ധിച്ച വിവാദം ഇപ്പോൾ ഒരു ഗാനത്തെക്കുറിച്ചുള്ള തർക്കം മാത്രമല്ല, ഇത് ഇന്ത്യൻ ദേശീയതയുടെ സ്വഭാവത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുന്നു. മതേതര ജനാധിപത്യ റിപ്പബ്ലിക് ഇന്ത്യ എന്ന ആശയത്തെ കുറിച്ചുള്ള സംവാദമായിരിക്കുന്നു.
ബങ്കിം ചന്ദ്ര ചാറ്റ൪ജി രചിച്ച ആനന്ദമഠ് എന്ന നോവലിൽ ചേ൪ത്തിട്ടുള്ള ഗീതമാണ് വന്ദേമാതരം. യഥാ൪ത്ഥത്തിൽ വന്ദേമാതരം രചിക്കപ്പെട്ടത് 1875ലാണ് (7 Nov 1875). പിന്നീട് ആനന്ദമഠ് 1882ൽ പ്രസിദ്ധീകരിച്ചപ്പോൾ വന്ദേമാതരം നോവലിൽ ഉൾപ്പെടുത്തുകയായിരുന്നു. 1896ൽ രവീന്ദ്ര നാഥ ടാഗോ൪ ആണ് ആദ്യമായി വന്ദേമാതരം ഒരു പൊതുവേദിയിൽ, കോൺഗ്രസ് മീറ്റിംഗിൽ വെച്ച് ആലപിച്ചത്. 1905ലെ ബംഗാൾ വിഭജനത്തിനെതിരെ ആളിക്കത്തിയ പ്രതിഷേധ സമരങ്ങളിലാണ് വന്ദേമാതരം വെറും ഒരു ഗീതം എന്നതില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനെതിരായ സമരങ്ങളുടെ മുദ്രാവാക്യമായി പൊതുബോധത്തിൽ ജ്വലിച്ചുയ൪ന്നു.
‘വന്ദേ മാതരം’ എന്ന രണ്ടു വാക്ക് പ്രതിരോധത്തിന്റെ അടയാളമായി. ബ്രിട്ടീഷ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാ൯ ആഹ്വാനം ചെയ്ത് സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന മാര്‍ച്ചുകളിൽ വന്ദേ മാതരം എന്നത് ബ്രിട്ടനെതിരെയുള്ള രോഷത്തിന്റെ ശബ്ദാവിഷ്കാരമായി. വിറളി പൂണ്ട ബ്രിട്ടീഷുകാ൪ 1906ൽ വന്ദേ മാതരം എന്ന മുദ്രാവാക്യം പൊതുയിടങ്ങളിൽ വിളിക്കുന്നത് നിരോധിക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങൾ. നിരോധനം പക്ഷെ ജനങ്ങൾ കൂടുതൽ ആവേശത്തോടെ വന്ദേമാതരത്തെ നെഞ്ചേറ്റുന്നതിലേക്കാണ് നയിച്ചത്. ദേശാഭിമാനത്തെ പ്രചോദിപ്പിക്കുന്ന സമരരംഗത്ത് ആവേശം പകരുന്ന വിപ്ലവ മുദ്രാവാക്യമായി വന്ദേ മാതരം. അങ്ങനെ ദേശീയ സമരത്തിന്റെ അഭേദ്യ ഭാഗമായി വന്ദേ മാതരം.
വന്ദേമാതരത്തിലെ ആദ്യത്തെ 8 വരികളടങ്ങിയ രണ്ടു ഖണ്ഡങ്ങൾ ആണ് ബംഗാളിലും പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഒക്കെ ഇങ്ങനെ പ്രചാരത്തിലായത്. ബാക്കി ഭാഗങ്ങൾ ആളുകൾക്ക് അറിയുകയോ ചൊല്ലുകയോ ഉണ്ടായിരുന്നില്ല. അങ്ങനെ ദേശീയ സമരങ്ങളുടെ ഭാഗമായി രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ന്ന വന്ദേ മാതരം ഇന്ത്യ൯ നാഷണൽ കോണ്ഗ്രസ് വന്ദേ മാതരത്തിന്റെ ആദ്യ 8 വരികള്‍ 1937ൽ ഔദ്യോഗികമായി ദേശീയ ഗീതമായി അംഗീകരിച്ചു.
എന്തുകൊണ്ട് ആദ്യത്തെ 8 വരികൾ മാത്രം എന്നും എന്തുകൊണ്ട് ബാക്കി ഭാഗങ്ങൾ ഒഴിവാക്കുന്നു എന്നും 1937ലെ കോൺസ് പ്രസ്താവന വ്യക്തമാക്കുന്നു.
“... The Working Committee feel that past associations, with their long record of suffering for the cause, as well as popular usage have made the first two stanzas of this song a living and inseparable part of our national movement and as such they must command our affection and respect. There is nothing in these stanzas to which any one can take exception.
The other stanzas of the song are little known and hardly ever sung. They contain certain allusions and a religious ideology which may not be in keeping with the ideology of other religious groups in India. Taking all things into consideration therefore the Committee recommend that wherever the Bande Mataram is sung at national gatherings only the first two stanzas should be sung, with perfect freedom to the organisers to sing any other song of an unobjectionable character, in addition to, or in the place of, the Bande Mataram song. “
ഇതോടൊപ്പം അന്ന് ജവഹർലാൽ നെഹ്രു നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്.
"...Therefore the first thing I wish you to realise is that this was done after most careful consideration — and in a small way after months of consideration — and certainly after some days of intensive thought and consideration. Nothing was done rapidly or in a hurry...
We have recognised that in the rest of the song there is ideology, imagery, allegory, etc., which people of various groups cannot put up with. Remember, we are thinking in terms of a national song for all India. Therefore if there is an ideology which various groups in India cannot honestly and sincerely accept, then it is an improper ideology for a national song."
അതായത് ദേശീയ പ്രസ്ഥാനത്തിലും, സ്വാതന്ത്ര്യ സമരത്തിലും ഒക്കെ അണിനിരന്ന ഇന്ത്യന്‍ ജനതയ്ക്ക് വന്ദേ മാതരം വെറുമൊരു ഗീതം എന്നതിലുപരി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധത്തിന്റെ ശബ്ദമായിരുന്നു. അതുതന്നെയാണ് വന്ദേ മാതരത്തിന്റെ ചരിത്ര പ്രാധാന്യം. എന്നാൽ അത് വന്ദേ മാതരത്തിലെ ആദ്യ രണ്ടു ഖണ്ഡങ്ങളെ സംബന്ധിച്ചാണ്. ബാക്കി നാല് ഖണ്ഡങ്ങൾ ബങ്കിം ചന്ദ്ര ചാറ്റ൪ജിയുടെ ആനന്തമഠ് നോവലിലെ ഗീതം മാത്രമാണ്. അത് ഒരിക്കലും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമോ ജനങ്ങൾ നെഞ്ചേറ്റിയ രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ ഭാഗമോ ആയിരുന്നിട്ടില്ല. കാരണം അത് രചിച്ചത് ദേശീയ പ്രസ്ഥാനത്തെയോ എല്ലാ വിഭാഗം ജനങ്ങളെ അണിനിരത്തുന്നതിനോ ഒന്നും വേണ്ടി ആയിരുന്നില്ല. അതുകൊണ്ട് തന്നെ ബങ്കിം ചന്ദ്ര ചാറ്റ൪ജി ആ ഖണ്ഡങ്ങളിൽ ഒരു പ്രത്യേക മതത്തിന്റെ പ്രതീകങ്ങളെയും ദൈവങ്ങളെയും ഒക്കെ സ്തുതിക്കുന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്. അതുകൊണ്ടാണ് എല്ലാ മത പ്രാദേശിക വിശ്വാസി അവിശ്വാസി ധാരകളിൽ പെട്ട ജന വിഭാഗങ്ങളും അണിനിരന്ന ദേശീയ പ്രസ്ഥാനത്തിൽ എല്ലാവ൪ക്കും സ്വീകാര്യമായ ആദ്യ രണ്ടു ഖണ്ഡങ്ങള്‍ മാത്രം സ്വാതന്ത്ര്യ സമരത്തിന്റെ ആവേശവും ആവിഷ്കാരവുമായി സ്വമേധയാ എല്ലാവരാലും സ്വീകരിക്കപ്പെട്ടത്.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളിൽ പ്രധാനമായും മാതൃഭൂമിയുടെ പ്രകൃതി, സമൃദ്ധി, സൗന്ദര്യം എന്നിവയാണ് പ്രതിപാദിക്കുന്നത്.
വന്ദേ മാതരം!
സുജലാം സുഫലാം, മലയജ ശീതളാം,
സസ്യ ശ്യാമളാം, മാതരം!
വന്ദേ മാതരം!
ശുഭ്രജ്യോത്സ്നാ൦ പുളകിതയാമിനീ൦,
ഫുല്ലകുസുമിത ദ്രുമദല ശോഭിണീ൦,
സുഹാസിനീ൦, സുമദുര ഭാഷിണീ൦,
സുഖദാം, വരദാം ,മാതരം!
വന്ദേ മാതരം!
എന്നാൽ പിന്നീട് വരുന്ന ചരണങ്ങളിൽ ദുർഗ, ലക്ഷ്മി (കമല), സരസ്വതി (വാണി) തുടങ്ങിയ ഹിന്ദു ദേവതാ പ്രതീകങ്ങൾ പ്രത്യക്ഷപ്പെടുന്നു, ആരാധിക്കപ്പെടുന്നു. ഉദാഹരണത്തിന് നാലാമത്തെ സ്റ്റാ൯സ ഇങ്ങനെയാണ്.
ത്വം ഹി ദുർഗ്ഗ ദശപ്രഹരണ ധാരിണീ
കമല, കമലാദളവിഹാരിണീ,
വാണി, വിദ്യാ ദായിണീ,
നമാമി ത്വം, നമാമി കമലം,
അമലം, അതുലാം,
സുജലാം, സുഫലാം മാതരം,
വന്ദേ മാതരം!
വന്ദേ മാതരത്തിലെ ഹിന്ദു ദേവതമാരെ ആരാധിക്കുന്ന ഈ വരികള്‍ അത്തരം വിശ്വാസങ്ങള്‍ പുലര്‍ത്താത്ത ഇതര ജാതി മത വിഭാഗങ്ങള്‍ക്കും, അവിശ്വാസികള്‍ക്കും മതേതര വിഭാഗങ്ങള്‍ക്കും ഒക്കെ എതിര്‍പ്പുളവാക്കാ൯ സാധ്യതയുള്ളതും, എല്ലാ ജനവിഭാഗങ്ങളേയും ചേ൪ത്ത് പിടിച്ച് രാജ്യത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് വിഘാതമുണ്ടാക്കുന്നതും ആണ് എന്ന തിരിച്ചറിവിൽ നിന്നാണ് 1937ൽ കോണ്ഗ്രസ് വ൪ക്കിംഗ് കമ്മിറ്റിയും പിന്നീട് 1950ല്‍ ഭരണഘടനാ അസംബ്ലിയും വന്ദേ മാതരത്തിലെ ആദ്യത്തെ 2 ഖണ്ഡങ്ങൾ മാത്രം ദേശീയ ഗീതമാക്കുന്നതിന് തീരുമാനിച്ചത്. അത് ഇന്ത്യയുടെ ബഹുസ്വര സ്വഭാവവുമായി ദേശീയ പ്രതീകത്തെ ബന്ധിപ്പിക്കാനുള്ള ശ്രമമായിരുന്നു. ഒരു മതവിഭാഗത്തിന്റെ വിശ്വാസങ്ങളും, ആരാധനാ സമ്പ്രദായങ്ങളും തങ്ങള്‍ക്കു മേൽ അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന് ഇതര ജനവിഭാഗങ്ങൾക്ക് തോന്നലുണ്ടാവുമെന്നും, ഇത് രാഷ്ട്ര നിര്‍മാണത്തിൽ എല്ലാ ജനവിഭാഗങ്ങളേയും പങ്കെടുപ്പിക്കുന്നതിനു തടസ്സമാവുമെന്നും നമ്മുടെ രാഷ്ട്ര ശിൽപ്പികൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് അവ൪ അന്ന് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. അതിനെയാണ് ഇപ്പോൾ സംഘപരിവാ൪ അട്ടിമറിക്കാ൯ ഒരുങ്ങി ഇറങ്ങിയിരിക്കുന്നത്. അവ൪ക്ക് രാജ്യമോ, ജനങ്ങളോ അല്ല പ്രധാനം, അധികാരം മാത്രമാണ്.
1950 ജനുവരി 24ന് ചേ൪ന്ന ഭരണഘടനാ നി൪മാണസഭയുടെ യോഗ തീരുമാനങ്ങൾ ഇവയായിരുന്നു. അന്ന് സഭാധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് ആണ് ഈ നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.
“ജനഗണമന” ഇന്ത്യയുടെ National Anthem (ദേശീയഗാനം) ആയിരിക്കും. അതേസമയം, വന്ദേമാതരത്തിന് സ്വാതന്ത്ര്യസമരത്തിൽ നൽകിയ ചരിത്രപരമായ സംഭാവന കണക്കിലെടുത്ത് ജനഗണമനയ്ക്ക് തുല്യമായ ബഹുമാനം നൽകും. വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതമായിരിക്കും.
ഇതായിരുന്നു ഭരണഘടനാ നിർമാണസഭയുടെ തീരുമാനം. വന്ദേമാതരത്തെ ഭരണഘടനാ നിർമാണസഭ തള്ളിയിട്ടില്ല. മറിച്ച് അതിന്റെ ചരിത്രപ്രാധാന്യം ഔദ്യോഗികമായി അംഗീകരിച്ചു. പക്ഷേ, പൂർണ്ണ വന്ദേമാതരം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന് ഭരണഘടനാ നിർമാണസഭ തീരുമാനിച്ചിട്ടില്ല.
വന്ദേമാതരത്തിന്റെ 150ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ഈ വർഷം ജനുവരിയിലാണ് പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കിയത്. അതനുസരിച്ച് ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള പൂർണ്ണ പതിപ്പ് ഉപയോഗിക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. ആകാശവാണിയും 2026 മാർച്ച് 26 മുതൽ പതിവായി സംപ്രേഷണം ചെയ്തിരുന്ന രണ്ട് ചരണ പതിപ്പിന് പകരം പൂർണ്ണ പതിപ്പ് സംപ്രേഷണം ചെയ്യാൻ തുടങ്ങി. 2026 ജൂലൈ 29നു രാജ്യസഭയും ജൂലൈ 30നു ലോകസഭയും പാസാക്കിയ Prevention of Insults to National Honour (Amendment) Act, 2026 നിയമപ്രകാരം വന്ദേമാതരം തടയുകയോ, അതിന്റെ ആലാപനം നടത്തുന്ന സംഘത്തെ മനഃപൂർവം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാക്കി.
നിലവിലെ നിയമത്തിൽ (Insults to National Honour Act, 1971) ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയുമായി ബന്ധപ്പെട്ട ചില അനാദരവുകൾ കുറ്റകരമാണ്. പുതിയ ഭേദഗതിയിലൂടെ വന്ദേമാതരത്തെ കൂടി ആ ലിസ്റ്റിൽ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ഈ നിയമത്തിൽ പക്ഷെ വന്ദേമാതര൦ പൂ൪ണമായും ചൊല്ലുന്നത് നി൪ബന്ധമാക്കുന്ന വ്യവസ്ഥയില്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. നേരത്തെ കേന്ദ്ര സര്‍ക്കാ൪ പുറപ്പെടുവിച്ച പ്രോട്ടോക്കോൾ ഭേദഗതി സംബന്ധിച്ച സ൪ക്കുലറിൽ ആണ് അത്തരമൊരു നിര്‍ദേശം അടങ്ങിയിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന കേന്ദ്ര നിർദേശം പാലിക്കണമെന്ന് കേരള സ൪ക്കാ൪ ചീഫ് സെക്രട്ടറിയുടെ നിർദേശം അതുകൊണ്ടുതന്നെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായി. അത് നിയമമായി കഴിഞ്ഞു എന്ന മുഖ്യമന്ത്രിയുടെ വാസ്തവ വിരുദ്ധമായ പ്രസ്താവനയും എതി൪പ്പിന് ആക്കം കൂട്ടി.
സംഘപരിവാറിന്റെ കുടില നീക്കങ്ങൾക്ക് കേരളത്തിലെ കോൺഗ്രസ്സും, മുഖ്യമന്ത്രിയും കുടപിടിക്കുന്നു എന്ന പ്രതീതിയാണ് അത് സൃഷ്ടിച്ചത്. വന്ദേമാതരത്തെ രാഷ്ട്രീയ ആയുധമാക്കാനും, രാജ്യത്ത് വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പര്‍ദ്ധ ഉണ്ടാക്കാനും സംഘ പരിവാറും, കേന്ദ്ര സര്‍ക്കാറും മനപ്പൂ൪വ്വം നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാ൪ഹമാണ്. അത് ശക്തമായി എതി൪ക്കപ്പെടേണ്ടതുണ്ട്.
ഒരു ദേശീയ പ്രതീകത്തെ അപമാനിക്കുന്നതും അതിനെ ആലപിക്കാൻ വിസമ്മതിക്കുന്നതും ഒന്നാണോ? ഇവ രണ്ടും ഒന്നല്ല. പുതിയ നിയമത്തിലെ പ്രയോഗം “intentionally preventing” — മനഃപൂർവം തടയുക, അല്ലെങ്കിൽ “causes disturbance” — ആലാപനം നടത്തുന്ന സംഘത്തെ തടസ്സപ്പെടുത്തുക എന്നതാണ്. അതായത്, ഒരാൾ വന്ദേമാതരം ആലപിക്കുന്നില്ല എന്നതുകൊണ്ട് മാത്രം അയാൾ പുതിയ നിയമപ്രകാരം കുറ്റക്കാരനാകുമെന്ന് നിയമത്തിൽ പറയുന്നില്ല. ഇന്ത്യയുടെ ഭരണഘടന വ്യക്തിയുടെ മതസ്വാതന്ത്ര്യത്തെയും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു. ദേശീയ ഗീതം പാടാതിരിക്കാനുള്ള സ്വാതന്ത്ര്യവും അതില്‍ ഉൾപ്പെടുന്നു. ദേശസ്നേഹത്തിന്റെ ആവിഷ്കാര രൂപങ്ങൾ നിശ്ചയിക്കേണ്ടത് സംഘപരിവാറല്ല.
വന്ദേമാതരം ഇന്ത്യ൯ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. പക്ഷെ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഒരേയൊരു മതത്തിന്റെയോ ഒരു രാഷ്ട്രീയ സംഘടനയുടെയോ സ്വകാര്യ പൈതൃകമല്ല. അതിൽ സംഘപരിവാറിന് യാതൊരു പങ്കും ഇല്ല എന്ന് മാത്രമല്ല ദേശീയ സമരത്തെ പിന്നിൽ നിന്ന് കുത്തി ബ്രിട്ടീഷുകാ൪ക്ക് പാദസേവ നടത്തിയ പാരമ്പര്യമാണ് സംഘ പരിവാറിനുള്ളത്. അവ൪ വന്ദേമാതരത്തിന്റെ പൈതൃകം അവകാശപ്പെട്ട് ഇപ്പോൾ രംഗത്ത് വരുന്നത് തീ൪ത്തും പരിഹാസ്യമാണ്. ദേശസ്നേഹം ആരുടെയും സ്വകാര്യ രാഷ്ട്രീയ സ്വത്തല്ല. ദേശീയതയും ഹിന്ദുത്വ രാഷ്ട്രീയവും ഒന്നല്ല.
വന്ദേമാതരത്തെ ബഹുമാനിക്കുക. ജനഗണമനയെ ബഹുമാനിക്കുക. അതോടൊപ്പം, ഇന്ത്യയുടെ ഭരണഘടനയെയും അതിന്റെ മതനിരപേക്ഷവും ബഹുസ്വരവുമായ ആത്മാവിനെയും ബഹുമാനിക്കുക. കാരണ൦, രാജ്യസ്നേഹം ഒരു പാട്ടിനാൽ അളക്കപ്പെടേണ്ടതല്ല. അത് രാജ്യത്തെ ജനങ്ങളോടുള്ള നമ്മുടെ ഉത്തരവാദിത്തത്തിലും, ഭരണഘടനയോടുള്ള നമ്മുടെ വിശ്വാസത്തിലും, വ്യത്യസ്ത അഭിപ്രായമുള്ള ഒരാളുടെ അവകാശത്തെ ബഹുമാനിക്കുന്നതിലുമാണ് തെളിയേണ്ടത്. അതുകൊണ്ടാണ് ഇന്ന് വന്ദേമാതരം വിവാദം ഇന്ത്യ എന്തുതരത്തിലുള്ള രാഷ്ട്രമാകണം എന്ന വലിയ രാഷ്ട്രീയ ചോദ്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നത്.
Suresh Kodoor
Email: sureshkodoor@gmail.com
Ph: 9845853362

Comments
Be the first to comment.