പത്തനംതിട്ട

പത്തനംതിട്ടയിൽ 45കാരനെ സഹോദരപുത്രൻ ചവിട്ടിക്കൊന്നു

പത്തനംതിട്ട കോന്നി കുളത്തുമണ്ണിൽ ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിക്കിടെ 45കാരൻ മരിച്ചു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ എന്ന അനിൽ (45) ആണ് മരിച്ചത്. ജ്യേഷ്ഠന്റെ മകനായ 27കാരന്റെ ചവിട്ടേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

murder
murder

പത്തനംതിട്ട കോന്നി കുളത്തുമൺ അംബേദ്കർ ഉന്നതിയിൽ കുടുംബവഴക്കിനിടെ 45കാരൻ ചവിട്ടേറ്റ് മരിച്ചു. കുളത്തുമൺ സ്വദേശി കണ്ണൻ എന്ന അനിൽ (45) ആണ് മരിച്ചത്. സംഭവത്തിൽ അനിലിന്റെ സഹോദരപുത്രൻ സുധീഷ് (27) നെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വീടുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ചെങ്ങറയിലാണ് അനിൽ താമസിച്ചിരുന്നത്. കുളത്തുമണ്ണിലെ കുടുംബവീടിന് സമീപം അനിലിന്റെ ജ്യേഷ്ഠനും സുധീഷിന്റെ പിതാവുമായ സുനിൽ നിർമിച്ച വീട്ടിൽ അനിൽ പ്രദേശത്ത് എത്തുമ്പോൾ താമസിക്കാറുണ്ടായിരുന്നു. സുനിൽ നിലവിൽ തമിഴ്നാട്ടിലാണ് താമസം.

സുധീഷ് കൊല്ലൻപടിയിൽ ഭാര്യയോടൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നത്. അനിൽ കുടുംബവീട്ടിൽ വന്ന് താമസിക്കുന്നതിനെച്ചൊല്ലി സുധീഷും അനിലും തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവദിവസവും ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഉണ്ടായ അടിപിടിക്കിടെ സുധീഷ് അനിലിനെ ചവിട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Comments

Be the first to comment.