നഗരത്തിലെ കുളത്തിൽ ചാടിയ മധ്യവയസ്കനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
രാവിലെ കുളത്തിലേക്ക് ചാടിയ മധ്യവയസ്കൻ കുളത്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന മണ്ഡപത്തിലൂടെ നടക്കുന്നതും വീണ്ടും ചാടാൻ ശ്രമിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തി ഇയാളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ചെയ്തു.

തിരുവനന്തപുരം: ശ്രീവരാഹം കുളത്തിന്‍റെ നടുവിലുള്ള കൽമണ്ഡപത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ അമ്പത്തിമൂന്നുകാരനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. ആലപ്പുഴ സ്വദേശിയായ വിമൽരാജ് (53) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് ഫയർഫോഴ്സ് പറയുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. രാവിലെ കുളത്തിലേക്ക് ചാടിയ ഇയാൾ മധ്യത്തിലായി സ്ഥാപിച്ചിരുന്ന മണ്ഡപത്തിലൂടെ നടക്കുന്നതും വീണ്ടും ചാടുന്നതിന് ശ്രമിക്കുന്നതും ശ്രദ്ധയിൽപെട്ട നാട്ടുകാരായിരുന്നു വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. പിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും പാഞ്ഞെത്തിയ എസ്.ടി.ഒ. ഷാജിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ലൈഫ് ജാക്കറ്റും ബോയിയുമായി കുളത്തിലേക്ക് ചാടുകയായിരുന്നു. ഉദ്യോഗസ്ഥർ നീന്തിച്ചെന്ന് കുളത്തിലേക്ക് നീന്തിച്ചെന്ന് ഇയാളെ സുരക്ഷിതമായി കരയിലെത്തിച്ചു. വിവരങ്ങൾ ഒന്നും വ്യക്തമായി പറയാതിരുന്ന ഇയാൾക്ക് മറ്റ് പരുക്കുകളൊന്നുമില്ലാതിരുന്നതിനാൽ പൊലീസ് കസ്റ്റഡിയിൽവിട്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.



Comments
Be the first to comment.