തിരുവനന്തപുരം

തോൽവി വിലയിരുത്തൽ റിപ്പോർട്ടിൽ രൂക്ഷവിമർശനം; സിപിഎം വിശാല സംസ്ഥാന സമിതിയിൽ ആശയക്കുഴപ്പം

വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന കരട് റിപ്പോർട്ടിൽ തോൽവിയുടെ കാരണങ്ങൾ ഒഴിവാക്കി സംഘടനാ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയെന്നാണ് വിമർശനം. വീഴ്ചകൾ വ്യക്തമായി പരാമർശിക്കാത്ത റിപ്പോർട്ട് തിരുത്തലിന് എങ്ങനെ സഹായിക്കുമെന്ന ചോദ്യവും സംസ്ഥാന സമിതിയിൽ ഉയർന്നു.

cpim
cpim

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച കരട് റിപ്പോർട്ടിനെതിരെ പാർട്ടിയിൽ രൂക്ഷവിമർശനം. രണ്ടാം ദിവസത്തിലേക്ക് കടന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിശാല സമിതിക്കായി സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരെ നേതാക്കൾ രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് തോൽവിയുടെ വിശദമായ അവലോകനം ഒഴിവാക്കി പൊതുവായ സംഘടനാ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് പ്രധാന വിമർശനം. തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമായ പരാമർശങ്ങളില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള വിഷയങ്ങളും കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതിനെ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ അടക്കമുള്ളവർ ചോദ്യം ചെയ്തു. വീഴ്ചകൾ ചൂണ്ടിക്കാട്ടാതെ തയ്യാറാക്കിയ റിപ്പോർട്ടിലൂടെ എങ്ങനെയാണ് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുകയെന്നും നേതാക്കൾ ചോദിച്ചു.

വിശാല സംസ്ഥാന സമിതിയുടെ പ്രസക്തിയെന്ത്?

എല്ലാ വിഷയങ്ങളും സംസ്ഥാന സമിതി തന്നെ ചർച്ച ചെയ്ത് അംഗീകരിക്കുകയാണെങ്കിൽ വിശാല സംസ്ഥാന സമിതി വിളിച്ചുചേർക്കുന്നതിന്റെ പ്രസക്തിയെന്താണെന്നും ചില നേതാക്കൾ ചോദിച്ചു. വിശാല സമിതിയിലെ തുറന്ന ചർച്ചകളെ നേതൃത്വം ഭയക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് തോൽവി അവലോകനം ഒഴിവാക്കി കരട് റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിമർശനവും ഉയരുന്നുണ്ട്.

കരട് റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന ആവശ്യങ്ങൾക്കിടെ സംസ്ഥാന സമിതി യോഗം തുടരുകയാണ്.

Comments

Be the first to comment.