പിഎം ശ്രീ പദ്ധതിയിൽ വിമർശനം; “വി ഡി സതീശന് പഴയ വാക്കുകളെല്ലാം വിഴുങ്ങണം” — ജോൺ ബ്രിട്ടാസ് എംപി
പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ വി ഡി സതീശൻ നിലപാട് മാറ്റുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. ലീഗിലും കോൺഗ്രസിലും പദ്ധതിക്കെതിരെ എതിർപ്പുയർന്നതോടെ യുഡിഎഫിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. രാഷ്ട്രീയ സമവായമില്ലാത്തത് സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നു.
.png&w=3840&q=75&dpl=dpl_YUAEL8Kk16PoXzoHroNkMWkS6z9T)
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം ശ്രീയുടെ ഭാഗമാകമായാൽ മതിയെന്ന് ജോൺ ബ്രിട്ടാസ് എംപി. എന്നാൽ അത് സംഭവിച്ചാൽ ജനമധ്യത്തിൽ തങ്ങളുടെ പൊയ്മുഖം അഴിഞ്ഞുവീഴുമെന്ന് യുഡിഎഫിലെ ചിലർക്കെങ്കിലും മനസിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് കൃത്യമായ ഒരു നിലപാടെടുക്കാൻ പറ്റുന്നില്ല. യുഡിഎഫിന്‍റെ എംപിമാർ രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിൽ, പിഎം ശ്രീയിൽ നിന്ന് പിന്മാറാം എന്ന കാര്യങ്ങളെല്ലാം കൃത്യമായി തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഈ മലക്കംമറിച്ചിൽ നടത്തേണ്ട ആവശ്യമില്ല. കേരള സമൂഹത്തോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ യുഡിഎഫ് മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. സതീശൻ സർക്കാരിന്‍റെ നിലപാട് എന്താണെന്ന് നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും നാണംകെട്ട സമീപനം സ്വീകരിച്ച ഒരു സർക്കാർ കേരളത്തിന്‍റെ ചരിത്രത്തിൽ വേറെയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ പിഎം ശ്രീയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. പിഎം ശ്രീ നടപ്പിലാക്കരുതെന്നാണ് നിലപാടെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാന്‍ യൂത്ത് ലീഗ് ഉണ്ടാകുമെന്നും സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങളാണ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ സർക്കാരാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്. അന്ന് യൂത്ത് ലീഗായിരുന്നു ഏറ്റവും കൂടുതൽ എതിർത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എം ശ്രീ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. സർക്കാർ അതിൽ ഉപസമിതി ഉണ്ടാക്കി തീരുമാനത്തിന് കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ അഭിപ്രായം പറയുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.



Comments
Be the first to comment.