യുദ്ധനാശത്തിന് ആര് നഷ്ടപരിഹാരം നൽകും? ട്രംപും ഇറാനും നേർക്കുനേർ
ഹോർമുസ് കടലിടുക്കിലെ കപ്പൽപാത തുറക്കുന്നതിന് മുൻപ് യുദ്ധനഷ്ടപരിഹാരം നൽകണമെന്നും ഉപരോധങ്ങളും ഭീഷണികളും പിൻവലിക്കണമെന്നും ഇറാന്റെ ആവശ്യം. നിർണായക നിലപാടുമായി ഇറാൻ; സംഘർഷം കൂടുതൽ രൂക്ഷമാകുമോ?

യുദ്ധനാശത്തിന് നഷ്ടപരിഹാരം നൽകണമെന്ന ഇറാന്റെ ആവശ്യത്തെ തള്ളി ഡോണൾഡ് ട്രംപ്. പകരം ഇറാനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് ട്രംപ് പ്രതികരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് ശക്തമായി. സംഘർഷം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവിലയും വീണ്ടും ഉയർന്നു.
ഹോർമുസ് കടലിടുക്കിലെ കപ്പൽപാത തുറക്കുന്നതിന് മുൻപ് നഷ്ടപരിഹാരവും ഉപരോധങ്ങളും ഭീഷണികളും പിൻവലിക്കണമെന്ന ആവശ്യവുമായി ഇറാൻ. ഹോർമുസിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇറാൻ ആവശ്യം മുന്നോട്ടുവച്ചത്. എന്നാൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ഡോണൾഡ് ട്രംപിന്റെ നിലപാട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണ്.
ഇറാനെതിരെ കൂടുതൽ നഷ്ടപരിഹാര ആവശ്യങ്ങളുമായി ഡോണൾഡ് ട്രംപ്. ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കു പുറമെ ലബനൻ, സിറിയ, യെമൻ, ഗാസ എന്നിവിടങ്ങളിലെ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും ഇറാൻ ഉത്തരവാദിയാണെന്നാണ് ട്രംപിന്റെ ആരോപണം. ഭാവിയിലെ ചർച്ചകളിലും വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ നിലപാടിന് പിന്നാലെ ആഗോള എണ്ണവിലയിൽ അഞ്ചുശതമാനത്തിലേറെ വർധനയുണ്ടായി. അതേസമയം, ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി സൈനിക നേതൃത്വത്തിൽ വൻ അഴിച്ചുപണി നടത്തി. റെവല്യൂഷണറി ഗാർഡിനും സായുധ സേനയ്ക്കും പുതിയ മേധാവികളെയും നിയമിച്ചു.



Comments
Be the first to comment.