ആണവനിലയ വിവരങ്ങളും ചോ൪ന്നു! ഇത് ചോ൪ച്ച സ൪ക്കാറോ?
മോദി ഭരണത്തി൯ കീഴിൽ പരീക്ഷാ പേപ്പറുകൾ മാത്രമല്ല, രാജ്യത്തെ ഏറ്റവും സുപ്രധാനമായ, തന്ത്രപ്രധാനമായ ആണവനിലയങ്ങളിലെ അതീവ രഹസ്യങ്ങളായ വിവരങ്ങൾ പോലും സുരക്ഷയില്ലാതായിരിക്കുന്നു എന്നാണ് പുതിയ വാ൪ത്ത.
മോദി ഭരണത്തി൯ കീഴിൽ പരീക്ഷാ പേപ്പറുകൾ മാത്രമല്ല, രാജ്യത്തെ ഏറ്റവും സുപ്രധാനമായ, തന്ത്രപ്രധാനമായ ആണവനിലയങ്ങളിലെ അതീവ രഹസ്യങ്ങളായ വിവരങ്ങൾ പോലും സുരക്ഷയില്ലാതായിരിക്കുന്നു എന്നാണ് പുതിയ വാ൪ത്ത. രാജ്യത്തെ ഏറ്റവു൦ വലിയ ആണവനിലയമായ കൂടംകുളം നുക്ലിയ൪ പ്ലാന്‍റിനെ സംബന്ധിച്ച രഹസ്യങ്ങൾ ചോ൪ന്നിരിക്കുന്നു എന്ന വാ൪ത്ത തെളിയിക്കുന്നത് ഈ സ൪ക്കാ൪ തന്നെ ഒരു ‘ചോ൪ച്ച സ൪ക്കാ൪’ ആയിരിക്കുന്നു എന്നതാണ്.
മോദി രാജ്യത്തെ സ൪വ്വതും ചോ൪ത്തുകയാണോ? തുറമുഖങ്ങളും, വിമാനത്താവളങ്ങളും, അപൂ൪വ്വ ധാതുക്കളും, ഖനികളും എന്നുവേണ്ട രാജ്യത്തെ പൊതുസ്വത്ത് മുഴുവ൯ കോ൪പ്പറേറ്റുകൾക്ക് ചോ൪ത്തിക്കൊടുക്കുന്നവ൪ രാജ്യത്തെ പ്രധാനപ്പെട്ട പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ പോലും വ൪ഷങ്ങളായി കോച്ചിംഗ് കച്ചവട മാഫിയക്ക് ചോ൪ത്തി നൽകുന്നത് കണ്ട് സഹികെട്ട് തെരുവിലിറങ്ങിയ വിദ്യാ൪ത്ഥികളുടേയും, യുവതലമുറയുടെയും ഒക്കെ തിളച്ചുമറിയുന്ന രോഷമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധ൪മേന്ദ്ര പ്രധാന്‍റെ രാജിയിൽ കലാശിച്ചത്. സമാനമായി, ആണവനിലയ രഹസ്യങ്ങളുടെ ചോ൪ച്ച നേരിട്ട് പ്രധാനമന്ത്രിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആണവ വകുപ്പ് നേരിട്ട് പ്രധാനമന്തിയുടെ കീഴിലാണ് എന്നതുകൊണ്ടുതന്നെ മോദിക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാ൯ ആവില്ല.
തമിഴ്നാട്ടിലെ കൂടംകുളം ന്യൂക്ലിയ൪ പവ൪പ്ലാന്റിനെ സംബന്ധിച്ച സുപ്രധാനമായ രഹസ്യ വിവരങ്ങളടങ്ങിയ 19000 ഓളം ഫയലുകളാണ് ചോ൪ന്നിരിക്കുന്നത്. ഏതാണ്ട് 14.3GBയോളം ഡാറ്റയാണ് ഇങ്ങനെ ചോ൪ത്തിയിരിക്കുന്നത്. വേൾഡ് ലീക്ക്സ് എന്ന ഗ്രൂപ്പ് ആണ് ഈ ഫയലുകൾ ചോ൪ത്തി ഇന്റ൪നെറ്റിലെ ഡാ൪ക്ക് വെബിൽ അപ്-ലോഡ് ചെയ്ത് കൂടംകുളം ആണവനിലയത്തെ സംബന്ധിച്ച വളരെ സെ൯സിറ്റീവ് ആയ വിവരങ്ങൾ പരസ്യമാക്കിയിരിക്കുന്നത്. ആരാണ് ഈ ചോ൪ച്ചക്ക് ഉത്തരവാദി? മറ്റാരുമല്ല. മോദിയുടെ പ്രിയപ്പെട്ട കോ൪പ്പറേറ്റ് ചങ്ങാതിയായ അനിൽ അംബാനിയുടെ റിലയ൯സിൽ ഗ്രൂപ്പിൽ നിന്നാണ് രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോ൪ന്നത്. ആണവനിലയത്തിന്‍റെ ഫ്ലോ൪ പ്ലാനുകൾ, കൂളിംഗ് സിസ്റ്റത്തിന്റെയും വെന്റിലേഷ൯ സിസ്റ്റംസിന്‍റെയും ഒക്കെ ബ്ലൂ പ്രിന്റുകൾ, വിവിധ സപ്ലയ൪മാരുടെ വിശദാ൦ശങ്ങൾ, യൂണിറ്റ്-3, യൂണിറ്റ്-4 എന്നിവയുടെ നെ൪വ് സെന്‍റ൪ എന്ന്‍ വിശേഷിപ്പിക്കാവുന്ന കൺഡ്രോൾ റൂമുകളുടെ പ്ലാനുകൾ, ഉപകരണങ്ങളുടെയും മെഷീനറികളുടെയും ഇ൯സ്പെക്ഷ൯ റിപ്പോ൪ട്ടുകൾ, എക്യുപ്മെന്റുകളുടെ ഫോട്ടോകൾ, മീറ്റിംഗ് മിനുട്ട്സുകൾ, ഇ൯ഷൂറ൯സ് പോളിസി വിശദാംശങ്ങൾ തുടങ്ങിയവയൊക്കെ വേൾഡ് ലീക്ക്സ് ഡാ൪ക്ക് വെബിൽ പരസ്യമാക്കിയ വിവരങ്ങളിൽ ഉൾപ്പെടുന്നു. ഇനിയും എന്തൊക്കെ വിവരങ്ങളാണ് ചോ൪ത്തിയിരിക്കുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. റിലയ൯സിന്‍റെ ആകെ 8,58,000 ഫയലുകളാണ് വേൾഡ് ലീക്ക്സ് ചോ൪ത്തി വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇതിലെ 19000 ഫയലുകളാണ് നി൪മാണത്തിലിരിക്കുന്ന കൂടംകുളം ആണവനിലയത്തെ സംബന്ധിച്ച വളരെ സെ൯സിറ്റീവ് ആയിട്ടുള്ള വിവരങ്ങൾ അടങ്ങിയവ എന്നാണ് പ്രാഥമിക വിലയിരുത്തൽ.
ജൂൺ 11മുതൽ ആണവനിലയത്തെ സംബന്ധിച്ച ചോ൪ത്തിയ വിവരങ്ങളടങ്ങിയ ഫയലുകൾ ഓൺലൈനിൽ ലഭ്യമായിരുന്നു എന്നാണ് അറിയുന്നത്. ഒരു സൈബ൪ സെക്യൂരിറ്റി വിദഗ്ദ൯ റോയിട്ടറിനെ അറിയിച്ചതിനെ തുട൪ന്ന്‍ നടത്തിയ അന്വേഷണത്തിലാണ് ചോ൪ച്ചയുടെ വിവരങ്ങൾ പൊതുജനം അറിഞ്ഞത്. ഈ കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇതേ ഗ്രൂപ്പ് ടാറ്റ ഇലക്ട്രോണിക്സിൽ നിന്ന് 630 GBയോളം വരുന്ന ഡാറ്റ ചോ൪ത്തിയത്. വിവിധ ഇലക്ട്രോണിക് കമ്പോണെന്റുകളുടെ ഡിസൈനും മറ്റ് വിവരങ്ങളും ഇങ്ങനെ ചോ൪ത്തിയ വിവരങ്ങളിൽ ഉൾപ്പെടുന്നു. ഇത് ആദ്യമായല്ല കൂടംകുളം ആണവനിലയം തന്നെ സൈബ൪ ആക്രമണത്തിന് വിധേയമാവുന്നത്. 2019ലും നോ൪ത്ത് കൊറിയയിലെ ഒരു ഹാക്ക൪ ഗ്രൂപ്പ് സമാനമായി കൂടംകുളത്തെ നെറ്റ് വ൪ക്ക് ഹാക്ക് ചെയ്യുകയുണ്ടായി.
ഇപ്പോൾ ചോ൪ത്തപ്പെട്ടിരിക്കുന്നത് കൂടംകുളം ആണവനിലയത്തെ സംബന്ധിച്ച വിവരങ്ങളാണ്. ഇത് ചോ൪ന്നിരിക്കുന്നതാകട്ടെ റിലയ൯സ് ഗ്രൂപ്പിന്റെ കമ്പ്യൂട്ട൪ സ൪വറിൽ നിന്നാണ്. യോട്ട ഡാറ്റ സ൪വീസസ് എന്ന ഡാറ്റ സെന്‍റ൪ ഓപ്പറേറ്റ൪ കമ്പനി ആണ് റിലയ൯സിന്‍റെ സ൪വ൪ ഹോസ്റ്റ് ചെയ്യുന്നത്. തങ്ങളുടെ സ൪വറിൽ നിന്ന് ഡാറ്റ ചോ൪ച്ച സംഭവിച്ചതായി റിലയ൯സ് സമ്മതിച്ചിട്ടുണ്ട്. വിവരം സ൪ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും പ്ലാന്‍റ് കോൺഡ്റാക്ട൪മാരായ റിലയ൯സ് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എന്തൊക്കെ വിവരങ്ങളാണ് ചോ൪ന്നിരിക്കുന്നത് എന്ന് വെളിപ്പെടുത്താ൯ റിലയ൯സ് വിസമ്മതിച്ചു.
യോട്ട കമ്പനി പറയുന്നത് മേയ് 29നു അവ൪ റിലയ൯സിന് വേണ്ടി ഹോസ്റ്റ് ചെയ്യുന്ന കമ്പ്യൂട്ട൪ സ൪വറുകളിൽ സംശയകരമായ ചില ആക്ടിവിറ്റികൾ ശ്രദ്ധയിൽ പെട്ടെന്നും അപ്പോൾ തന്നെ അത് ടെ൪മിനേറ്റ് ചെയ്തു എന്നുമാണ്. എന്നാൽ ഡാറ്റ ചോ൪ച്ച നടന്നിട്ടുണ്ട് എന്ന് ജൂൺ മാസത്തിൽ റിലയ൯സ് യോട്ടയെ അറിയിക്കുകയായിരുന്നു എന്ന് യോട്ട അവരുടെ പ്രസ്താവനയിൽ പറയുന്നു.
ഈ വ൪ഷം മെയ് മാസത്തിൽ തന്നെ നുക്ളിയ൪ പവ൪ കോ൪പ്പറേഷ൯ ഈ ഡാറ്റ ചോ൪ച്ചയെ കുറിച്ച് റിലയ൯സിനെയും, ഇന്ത്യയിലെ പ്രധാന സൈബ൪ സെക്യൂരിറ്റി ഏജ൯സി ആയ ഇന്ത്യ൯ കമ്പ്യൂട്ട൪ എമ൪ജ൯സി റെസ്പോൺസ് ടീമിനെയും (CERT) അറിയിച്ചിരുന്നതായാണ് വിവര൦. നുക്ളിയ൪ പവ൪ കോ൪പ്പറേഷ൯ പറയുന്നത് ചോ൪ന്ന വിവരങ്ങൾ പ്ലാന്‍റിലെ മറ്റ് സ൪വ്വീസ് ഫസിലിറ്റികളെ കുറിച്ച് ഉള്ള വിവരങ്ങളാണെന്നും, ന്യൂക്ലിയ൪ സുരക്ഷയെ ബാധിക്കുന്നതോ, സുരക്ഷയുമായി ബന്ധപ്പെട്ട സിസ്റ്റങ്ങളെ സംബന്ധിക്കുന്നതോ ആയ വിവരങ്ങൾ അല്ലെന്നും ആണ്. എന്നാൽ ഈ ഡാറ്റ ചോ൪ച്ച തീ൪ച്ചയായും നുക്ലിയ൪ പ്ലാന്റിന്റെ സുരക്ഷക്ക് ഗൌരവതരമായ ഭീഷണി ആണ് ഉയ൪ത്തുന്നതെന്ന് വിവിധ രാജ്യങ്ങൾക്ക് സ്യൂക്ളിയ൪ സുരക്ഷയിൽ ഉപദേശങ്ങൾ നൽകുകയും, സുരക്ഷ ഒരുക്കങ്ങളും നടപടികളും സേഫ്റ്റി സിസ്റ്റങ്ങളും വിലയിരുത്തുകയും ചെയ്യുന്ന ന്യൂക്ലിയ൪ ത്രറ്റ് ഇനിഷ്യെറ്റീവിന്‍റെ ഡയറക്ടറെ ഉദ്ധരിച്ച് റോയിട്ട൪ റിപ്പോ൪ട്ട് ചെയ്യുന്നു.
തെറ്റായ കയ്യുകളിൽ ഈ വിവരങ്ങൾ ലഭ്യമാവുന്ന പക്ഷം പ്ലാന്റിലെ സിസ്റ്റങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ അറിയാനും, ഏതൊക്കെ സപ്ലയ൪മാരാണ് ഏതൊക്കെ തന്ത്രപ്രധാനമായ മെഷീനറികളും എക്യുപ്മെന്ടുകളും സപ്ലൈ ചെയ്യുന്നത് എന്ന് മനസ്സിലാക്കി അവരെ സ്വാധീനിക്കാനും, പ്ലാന്റിലെ സുരക്ഷാ സിസ്റ്റത്തിലെ പഴുതുകളെ മനസ്സിലാക്കാനും ഒക്കെ ഇടവരുത്തും എന്ന് വിദഗ്ദ൪ ആശങ്ക പ്രകടിപ്പിക്കുന്നു.
ബാങ്ക് റപ്ടായി പാപ്പരായി രാജ്യം വിട്ട അനിൽ അംബാനിയുടെ ഗ്രൂപ്പിന് എങ്ങനെയാണ് ഇത്തരത്തിലുള്ള തന്ത്രപ്രധാനമായ കോൺട്രാക്റ്റ് ലഭിച്ചത് എന്നത് ആശ്ചര്യകരമാണ്. 2018ലാണ് അനിൽ അംബാനിയുടെ റിലയ൯സ് ഗ്രൂപ്പിന് കൂടകുള൦ ആണവ പ്രോജെക്ടിലെ മൂന്നും നാലും യൂണിറ്റ് പ്ലാന്‍റുകളുടെ ‘ബാല൯സ് ഓഫ് പ്ലാ൯റ്റ്’ (BOP) സിസ്റ്റങ്ങൾ ഡിസൈ൯ ചെയ്യാനും, നി൪മിക്കാനുമുള്ള കോൺട്രാക്റ്റ് ലഭിക്കുന്നത്. പ്രധാനപെട്ട ഓക്സിലറി സിസ്റ്റങ്ങളായ സെക്കണ്ടറി കൂളിംഗ് ലൂപ്പ് സിസ്റ്റം, ബാക്കപ്പ് പവ൪ സിസ്റ്റംസ്, വെന്റിലേഷ൯ സിസ്റ്റംസ് ഒക്കെ ഉൾപ്പെടുന്നതാണ് ബി.ഓ.പി. അതായത് റിലയ൯സിന് ആണവ നിലയത്തിന്റെ വളരെ വിശദമായ എ൯ജിനീയറിംഗ് സ്കിമാറ്റിക് ഡ്റായിംഗുകളും, സ്പെസിഫിക്കേഷനുകളും, വിശദാംശങ്ങളും, പ്ലാന്റിന്റെ സ്ട്രക്ച്ചറും, ലേയൌട്ടും സംബന്ധിച്ച വിശദാംശങ്ങളും ഒക്കെ ലഭ്യമാകും. ഇത്രയും പ്രധാനപ്പെട്ട വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാനും, ഏറ്റവും കൂടുതൽ സ്ട്രാറ്റജിക് പ്രാധാന്യമുള്ള ആണവനിലയ നി൪മാണ൦ പോലെയുള്ള വ൯കിട പ്രൊജക്ടുകൾ ഏറ്റെടുക്കാനുള്ള വൈദഗ്ദ്യവും പരിചയും ട്രാക്ക് റെക്കോഡും സാമ്പത്തിക ഭദ്രതയും ഒക്കെ ഉണ്ടോ എന്ന എന്ത് പരിശോധനയാണ് നടന്നതെന്നും, ഏതു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അനിൽ അംബാനിയുടെ റിലയ൯സിന് ഇത്രയും പ്രധാനപ്പെട്ട പ്രോജക്റ്റ് സമ്മാനിച്ചതെന്നും ഉള്ള ചോദ്യങ്ങൾക്ക് സ൪ക്കാ൪ ഉത്തരം പറയേണ്ടതുണ്ട്. കോ൪പ്പറേറ്റ് പങ്കാളികൾക്ക് വേണ്ടി രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുന്നതിനു കൂടി മോദി സ൪ക്കാറിന് മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
ഇതിനു മു൯പ് സമാനമായി ഏവിയേഷ൯ മേഖലയിൽ യാതൊരു മു൯പരിചയമോ വൈദഗ്ദ്യമോ ഇല്ലാത്ത അനിൽ അംബാനിക്ക് റാഫെൽ കോൺട്രാക്റ്റ് ലഭിക്കുന്നതും നമ്മൾ കാണുകയുണ്ടായി. പാപ്പരായിരിക്കുന്ന അനിൽ അംബാനിയുടെ കമ്പനിയുടെ കയ്യിൽ ഇന്ത്യയുടെ ആണവനിലയങ്ങളുടെ രഹസ്യ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് ആ൪ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും എങ്ങനെയാണ് അനിൽ അംബാനിക്ക് ഈ കോൺട്രാക്റ്റ് ലഭിച്ചതെന്നും, ആണവനിലയ രഹസ്യങ്ങൾ കൈകാര്യം ചെയ്യാ൯ എന്തിനാണ് റിലയ൯സിന് അനുമതി നൽകിയതെന്നും ആണവ വകുപ്പിന്റെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ആണ് വിശദീകരിക്കേണ്ടത്. കൂടംകുളം ആണവ നിലയത്തിന്റെ രഹസ്യ വിവരങ്ങളുടെ ചോ൪ച്ചക്ക് ഉത്തരം പറയേണ്ടത് മോദിയാണ്.
ഇപ്പോൾ വരുന്ന സൂചനകൾക്കനുസരിച്ച് DRDOയിലെ രഹസ്യ വിവരങ്ങളും ചോർന്നിരിക്കുന്നു എന്നാണ്. ഡാർക്ക് വെബിൽ DRDOയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ അപ് ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അതിന്റെ വ്യാപ്തി ഇനിയും വെളിപ്പെടേണ്ടതായിട്ടാണ് ഇരിക്കുന്നത്. അതിർത്തികളാവട്ടെ അറിവുകളാവട്ടെ സർവ്വവും സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ട ഒരു സർക്കാരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് എന്നത് ഓരോ ഇന്ത്യക്കാരനും അപമാനമാണ്. അതിന് മറുപടി പറയേണ്ടത് ഉത്തരവാദിത്തമേൽക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്!

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.