Crime

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം, തൃശൂരിൽ 4 പേർ പിടിയിൽ

കല്ലും ഹെൽമറ്റും വടിയും ഉപയോഗിച്ച് ആക്രമണം; സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ

police  vehicle
police vehicle


തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ ആക്രമിച്ച 4 പേർ അറസ്റ്റിൽ. രണ്ട് യുവാക്കളെ കല്ല്, ഹെല്‍മറ്റ്, വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പ്രതികളാണ് പിടിയിലായത്. മുരിങ്ങൂര്‍ തെക്കുമുറി വില്ലേജ് കട്ടപ്പുറം സ്വദേശി പുളിക്കല്‍ വീട്ടില്‍ സുജിത്ത് (21), ചാലക്കുടി വി.ആര്‍. പുരം സ്വദേശി പടിഞ്ഞാറേതില്‍ വീട്ടില്‍ അഞ്ജല്‍ (21), മുരിങ്ങൂര്‍ തെക്കുമുറി വില്ലേജ് കട്ടപ്പുറം സ്വദേശി പുത്തന്‍പുരക്കല്‍ വീട്ടില്‍ എബിന്‍ (22), കാതിക്കുടം സ്വദേശി പൂലൂത്ത് വീട്ടില്‍ അതുല്‍കൃഷ്ണ (22) എന്നിവരാണ് പിടിയിലായത്. ഇതില്‍ സുജിത്ത് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. ഇക്കഴിഞ്ഞ 16ന് രാത്രി 11 ഓടെയായിരുന്നു സംഭവം. കാതിക്കുടം സ്വദേശി സുധിയുടെ വീടിന് മുന്നിലൂടെ പ്രതികള്‍ രണ്ട് ബൈക്കുകളില്‍ സൈലന്‍സറില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കി പോയി. ഇത് കണ്ട് വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന സുധി ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സുധിയെ കല്ല്, ഹെല്‍മറ്റ്, വടി എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ശബ്ദം കേട്ട് അയല്‍വാസികളെത്തിയതോടെയാണ് പ്രതികള്‍ ആക്രമണത്തില്‍ നിന്നും പിന്തിരിഞ്ഞത്.

സുജിത്ത് കൊരട്ടി, ചാലക്കുടി, മാള, അതിരപ്പിള്ളി, നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു പോക്‌സോ കേസിലും, ഒരു വധശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച രണ്ട് കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും, മദ്യ ലഹരിയില്‍ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച രണ്ട് കേസുകളിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും അടക്കം പത്ത് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. എബിന്‍ കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലെ പ്രതിയാണ്. അതുല്‍കൃഷ്ണ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച രണ്ട് കേസുകളിലെ പ്രതിയാണ്.

Comments

Be the first to comment.