കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വാഹനാപകടം; തമിഴ്നാട് രജിസ്ട്രേഷൻ കാർ ഇടിച്ച് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം
പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടറിൽ ഇടിച്ച് തെറിച്ചുവീണ ഹോട്ടൽ ജീവനക്കാരൻ പ്രദീപിന് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ മുഖം റോഡിലടിച്ചാണ് പ്രദീപ് വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ വാഴമുട്ടം ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ ഹോട്ടൽ ജീവനക്കാരനായ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാച്ചല്ലൂർ പാറവിള വട്ടവിള വീട്ടിൽ പരേതനായ രാമചന്ദ്രന്റെയും വൽസലയുടെയും മകൻ ആർ.വി. പ്രദീപ് ചന്ദ്രൻ (51) ആണ് മരിച്ചത്.
കോവളം ഭാഗത്തെ ഹോട്ടലിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തിരുവല്ലം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ പ്രദീപിന്റെ സ്കൂട്ടറിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുഖം റോഡിലടിച്ചാണ് പ്രദീപ് വീണതെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നതോടൊപ്പം കാറിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. പൊലീസ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർ തമിഴ്നാട് സ്വദേശി ജയ്ക് ജെർണാണ്ടത്തിനെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Comments
Be the first to comment.