ഇന്ത്യ

28 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം; മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദിൽ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അയ്യപ്പൻ ചൂണ്ടക്കാടൻ (59) അന്തരിച്ചു. 28 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളുമായി കെ.എം.സി.സി വെൽഫെയർ വിങ് രംഗത്ത്.

pravasam
pravasam


റിയാദ് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി അയ്യപ്പൻ ചൂണ്ടക്കാടൻ (59) അന്തരിച്ചു. കടുത്ത നെഞ്ചുവേദനയെ തുടർന്ന് മേയ് 12നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെയും അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം.

ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അയ്യപ്പനെ നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ ഡോക്ടർമാർ യാത്രാനുമതി നൽകിയില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ചികിത്സാ വിവരങ്ങൾ കുടുംബത്തെ കൃത്യമായി അറിയിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

28 വർഷമായി പ്രവാസിയായിരുന്ന അയ്യപ്പൻ ഒന്നര വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ സുജാതയും മക്കളായ സ്നേഹ, മേഘ, അക്ഷയ് എന്നിവരുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ കെ.എം.സി.സി വെൽഫെയർ വിങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.