അങ്കാറയിൽ ട്രംപിനെതിരെ വധശ്രമമെന്ന് റിപ്പോർട്ട്; താമസസ്ഥലം വരെ ഇറാന് അറിയാമായിരുന്നെന്ന് സൂചന
തലനാരിഴയ്ക്ക് വധശ്രമത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടു; ഇറാൻ ഏജന്റുമാർ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്.

അങ്കാറ: നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധശ്രമത്തിന് സാധ്യതയുണ്ടായിരുന്നതായി റിപ്പോർട്ട്. ട്രംപ് താമസിച്ചിരുന്ന കെട്ടിടവും അദ്ദേഹം താമസിച്ചിരുന്ന നിലയും വരെ ഇറാൻ ഏജന്റുമാർ തിരിച്ചറിഞ്ഞിരുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ട്രംപിനെ അങ്കാറയിൽനിന്ന് മാറ്റിയത്.
ഉച്ചകോടി നടന്ന സ്ഥലത്തിന് സമീപം തോളിൽവെച്ച് തൊടുക്കാവുന്ന മിസൈലുമായി ഒരാളെ കണ്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ യാത്രയ്ക്കായി വിമാനം മാറ്റാൻ അമേരിക്കൻ സുരക്ഷാ വിഭാഗം തീരുമാനിച്ചത്. ഖത്തർ നൽകിയ പുതിയ വിമാനത്തിലായിരുന്നു ട്രംപ് അങ്കാറയിലെത്തിയത്. എന്നാൽ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ വിമാനത്തിൽ പൂർണമല്ലാതിരുന്നതും സുരക്ഷാ നടപടികൾ ശക്തമാക്കാൻ കാരണമായി.
ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പിന്നീട് അങ്കാറ വിമാനത്താവളത്തിൽ നാടകീയമായ സുരക്ഷാ നീക്കങ്ങളും നടന്നു. നാറ്റോ ഉച്ചകോടിക്ക് ശേഷം ജൂലൈ എട്ടിന് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ ട്രംപ് ക്യാമറകൾക്ക് മുന്നിൽ പഴയ എയർഫോഴ്‌സ് വൺ വിമാനത്തിൽ കയറുന്നതായി കാണിച്ചു. എന്നാൽ, ഇതിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ അദ്ദേഹത്തെ വിമാനത്താവളത്തിൽനിന്ന് രഹസ്യമായി മാറ്റുകയായിരുന്നു.
തുടർന്ന് കേറ്ററിങ് ട്രക്കിനുള്ളിൽ ഒളിപ്പിച്ചാണ് ട്രംപിനെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് എത്തിച്ചത്. അവിടെനിന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതെ സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. അതീവ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ട്രംപിന്റെ യാത്ര രഹസ്യമാക്കാനും ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.