ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി തുക്കാറാം മുണ്ടേ; മക്ഡൊണാൾഡ്സ് ഉൾപ്പെടെ 13 ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി
സാമൂഹികമാധ്യമങ്ങളിൽ 'റിയൽ സിങ്കം' എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടേ എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെയാണ് വൻകിട ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയത്. അടുത്തിടെ മുംബൈയിലെ 89-ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 71 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി.

മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, സൗത്ത് മുംബൈയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് തുടങ്ങിയ 13 സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റേതാണ്(എഫ്ഡിഎ) നടപടി.
സാമൂഹികമാധ്യമങ്ങളിൽ 'റിയൽ സിങ്കം' എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടേ എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെയാണ് വൻകിട ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയത്. അടുത്തിടെ മുംബൈയിലെ 89-ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 71 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. 13 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയതിനുമാണ് വിവിധ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കിയത്. മുംബൈയിലെ പ്രശസ്തമായ ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബിലെ റസ്റ്ററന്റിൽ നടത്തിയ പരിശോധനയിൽ ഈച്ചകളെയും ചത്ത പാറ്റകളെയുമാണ് അടുക്കളയിൽ കണ്ടെത്തിയത്. ഭക്ഷണസാധനങ്ങൾക്ക് സമീപം സോപ്പുപൊടിയടക്കമുള്ള രാസവസ്തുക്കൾ സൂക്ഷിച്ചതായും ഇതിനടുത്തായി ചവറ്റുകുട്ടകളും തുപ്പിയതിന്റെ അവശിഷ്ടങ്ങളും ഭക്ഷണസാധനങ്ങൾ തറയിൽ വലിച്ചുവാരിയിട്ടതായും പരിശോധനയിൽ കണ്ടെത്തി. ഇറച്ചിയടക്കം സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ റഫ്രിജറേറ്ററുകളിലാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.