വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാൻ പണമില്ലാത്ത കമ്പനിക്ക് ടി.എം.സി പാർട്ടിഫണ്ടിൽ നിന്ന് 160 കോടി രൂപ നൽകിയെന്ന നിർണായക കണ്ടെത്തലുമായി ഇഡി. ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് സൂചന.
വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാൻ സ്വന്തമായി തുകയില്ലാതിരുന്ന ഈ ഏവിയേഷൻ കമ്പനിക്ക് ഇവ വാടകയ്‌ക്കെടുക്കാൻ 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി പാർട്ടി നൽകിയതും ഇ.ഡി പരിശോധിച്ചുവരികയാണ്. ഇമ്പ്രെയർ ലെഗസി 600 ബിസിനസ് ജെറ്റും അഗസ്റ്റവെസ്റ്റ്ലാന്റ് 109SP ഹെലികോപ്റ്ററും വാങ്ങാനാണ് 112 കോടി രൂപ ഉപയോഗിച്ചത്.

കൊൽക്കത്ത: എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വെസ്റ്റ്ലാൻഡ് വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങാൻ തൃണമൂൽ കോൺഗ്രസ് പാർട്ടി ഫണ്ടിൽ നിന്ന് 160 കോടി രൂപ നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനവും ഹെലികോപ്റ്ററും വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാതിരുന്ന കൊൽക്കത്ത ആസ്ഥാനമായ കെയർവൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് ടി.എം.സി അക്കൗണ്ടുകളിൽ നിന്ന് പണം നൽകിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
പിന്നീട് ഇതേ വിമാനവും ഹെലികോപ്റ്ററും തൃണമൂൽ കോൺഗ്രസ് ഉയർന്ന നിരക്കിൽ വാടകയ്ക്ക് എടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി പറയുന്നു. ഇതിനായി കമ്പനിക്ക് 187 കോടി രൂപ വാടകയായി നൽകിയതായാണ് വിവരം. വിമാനങ്ങളും ഹെലികോപ്റ്ററും വാങ്ങുന്നതിനായി 112 കോടി രൂപ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാടകയ്ക്കെടുക്കുന്നതിനായി കെയർവൽ ഏവിയേഷന് ടി.എം.സി 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയതും ഇഡി പരിശോധിച്ചുവരികയാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ലഭിച്ചതിന് പിന്നാലെ കെയർവൽ ഏവിയേഷൻ ഈ തുക ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ രജിസ്റ്റർ ചെയ്ത കെയർവൽ ഫ്‌ലൈജെറ്റ് ഐ.എഫ്.എസ്.സി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ സ്ഥാപനത്തിന് കെയ്മാൻ ദ്വീപുകളിൽ നിന്ന് ലഭിച്ച ഏകദേശം 16 കോടി രൂപയുടെ ഇടപാടും ഇഡി അന്വേഷിക്കുന്നുണ്ട്. വിമാനത്തിന് പ്രതിമാസം കുറഞ്ഞത് 90 ലക്ഷം രൂപയും ഹെലികോപ്റ്ററിന് 60 ലക്ഷം രൂപയും വാടക നൽകണമെന്നായിരുന്നു കരാർ.
സാമ്പത്തിക ക്രമക്കേട് ആരോപിച്ചുള്ള കള്ളപ്പണ ഇടപാട് അന്വേഷണത്തിന്റെ ഭാഗമായി 440.42 കോടി രൂപ നിക്ഷേപമുള്ള ടി.എം.സിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുമുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.