കൊച്ചി

വിമാനത്താവളങ്ങളിൽ അനധികൃത ടാക്‌സികൾക്കെതിരെ നടപടി ശക്തം; 68 കേസുകൾ രജിസ്റ്റർ ചെയ്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന ടാക്സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. നിയമലംഘനങ്ങൾക്ക് 68 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,47,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

air port
air port

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനധികൃത ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം മധ്യമേഖല (2) ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ സജി പ്രസാദിന്റെ നേതൃത്വത്തിലാണ് ഡ്രൈവ് സംഘടിപ്പിച്ചത്. വിമാനത്താവളത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന ടാക്‌സികളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി

എറണാകുളം ആർ.ടി.ഒ യുടെ (എൻഫോഴ്‌സ്‌മെന്റ്) നേതൃത്വത്തിൽ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കാലടി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് നാല് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വിമാനത്താവളത്തിലേക്കും തിരിച്ചു പെർമിറ്റില്ലാതെ അനധികൃതമായി വാടക സർവീസ് നടത്തുന്ന വാഹനങ്ങളെയും മറ്റ് ഗതാഗത നിയമലംഘനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.

അനധികൃത ടാക്‌സി സർവീസ്, വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങൾ, നികുതി അടയ്ക്കാതെയുള്ള സർവീസ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, രജിസ്‌ട്രേഷൻ ലംഘനങ്ങൾ, സൈഡ് നമ്പർ പ്രദർശിപ്പിക്കാതിരിക്കൽ, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവ ഉൾപ്പെടെ ആകെ 68 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നിരവധി അനധികൃത ടാക്‌സി വാഹനങ്ങൾക്കെതിരെ പ്രത്യേകമായി ചലാൻ തയ്യാറാക്കി നിയമനടപടികൾ സ്വീകരിക്കുകയും ആകെ 1,47,000 രൂപ കോമ്പൗണ്ടിംഗ് ഫീസായി ഈടാക്കുകയും ചെയ്തു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.