പാലക്കാട്

പാലക്കാട് വൻ ലഹരിവേട്ട: ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

ഒരു കോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്ന് പേർ പാലക്കാട് ഒലവക്കോട് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.

narcotics
narcotics


പാലക്കാട് ഒലവക്കോട് നടത്തിയ പരിശോധനയിൽ ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഇയാളുടെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. ദമ്പതികളും സുഹൃത്തും ചേർന്നാണ് ലഹരി കടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. പിടികൂടിയ ലഹരിവസ്തുക്കൾക്ക് ഏകദേശം ഒരു കോടി രൂപ വിലവരുമെന്നാണ് വിവരം. ഓണക്കാലത്ത് കേരളത്തിൽ പ്രത്യേകമായി വിൽപന നടത്തുന്നതിനായി ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരിവസ്തുക്കൾ എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് ലഹരിവസ്തുക്കൾ കടത്തിയതെന്നും പൊലീസ് കണ്ടെത്തി. പ്രതികൾ സ്ഥിരമായി ലഹരിക്കടത്തിൽ ഏർപ്പെട്ടിരുന്നവരാണെന്നും ഇവർക്ക് പിന്നിൽ വലിയ ലഹരി റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.