സ്പോർട്സ് ടുഡേ

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്? 126 കോടി എഎഫ്എയ്ക്ക് നൽകിയതിന് രേഖയില്ലെന്ന് ആരോപണം

അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) ₹126 കോടി കൈമാറിയെന്ന അവകാശവാദത്തിന് തെളിവുകളില്ലെന്ന് റിപ്പോർട്ട്. 2023 ജൂലൈയിൽ സൗഹൃദ മത്സരം പ്രഖ്യാപിച്ചതും അർജന്റീന ടീമിന്റെ അറിവില്ലാതെയായിരുന്നുവെന്നും, കരാർ ഒപ്പിട്ടതിന്റെ രേഖകളും ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

LIONEL MESSI
LIONEL MESSI


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിച്ച് സൗഹൃദ മത്സരം നടത്തുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് നടന്നതായി കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) ₹126 കോടി കൈമാറിയെന്ന അവകാശവാദത്തിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


2023 ജൂലൈയിൽ സൗഹൃദ മത്സരം പ്രഖ്യാപിച്ചിരുന്നെങ്കിലും അർജന്റീന ടീമിന് ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കൂടാതെ, മത്സരം നടത്തുന്നതിനുള്ള കരാർ ഒപ്പിട്ടതായി തെളിയിക്കുന്ന രേഖകളും ലഭ്യമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളും അറിയാം.

മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്പോൺസറെ തിരഞ്ഞെടുത്തതിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തൽ. ടെൻഡർ നടപടികളില്ലാതെ ഏകപക്ഷീയമായാണ് സ്പോൺസറെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.


പദ്ധതിക്കായി കായിക വകുപ്പിന് കത്തയച്ച കളമശ്ശേരി ആസ്ഥാനമായ സ്ഥാപനം അപേക്ഷ സമർപ്പിക്കുന്നതിന് വെറും 20 ദിവസം മുമ്പാണ് രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള ഈ കമ്പനിക്ക് സ്പോൺസർ കമ്പനിയുടെ അതേ മേൽവിലാസമാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.


വിദേശനാണ്യ ചട്ടലംഘനം, കള്ളപ്പണ ഇടപാടുകൾ തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെയും വിജിലൻസിന്റെയും അന്വേഷണം നടത്തണമെന്നും കായിക വകുപ്പ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണ റിപ്പോർട്ട് വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

മെസിയെ കേരളത്തിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കളമശേരി ആസ്ഥാനമായ ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ 2023 ജൂലൈയിൽ സർക്കാരിന് കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവരങ്ങൾ മലയാള മനോരമ ദിനപത്രമാണ് പുറത്തുകൊണ്ടുവന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.