സ്പോർട്സ് ടുഡേ

ഞെട്ടിക്കുന്ന തോൽവി; രണ്ടാം ടെസ്റ്റിൽ മാറ്റവുമായി ഓസ്ട്രേലിയ

ഡാർവിൻ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 23 റൺസും രണ്ടാം ഇന്നിങ്സിൽ റണ്ണെടുക്കാതെയും പുറത്തായ വെതറാൾഡിന് തിരിച്ചടി. 12 ഇന്നിങ്സുകളിൽ നിന്ന് വെറും 20.36 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

australia
australia

മാക്കെ: ഡാർവിനിൽ നടന്ന ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിനോട് ഒൻപത് വിക്കറ്റിന്‍റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന് പിന്നാലെ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ. ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും നിറംമങ്ങിയ ഓപ്പണർ ജെക്ക് വെതറാൾഡിനെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി പകരം മാറ്റ് റെൻഷോയെ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. മാക്കെയിൽ നടക്കുന്ന അടുത്ത ടെസ്റ്റിൽ ട്രാവിസ് ഹെഡിനൊപ്പം 30-കാരനായ റെൻഷോ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.

ഡാർവിൻ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സില്‍ 23 റണ്‍സെടുത്ത വെതറാള്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ റണ്ണെടുക്കാതെ പുറത്തായിരുന്നു. 12 ഇന്നിങ്സുകളിൽ നിന്ന് 20.36 മാത്രമാണ് വെതറാൾഡിന്‍റെ ബാറ്റിങ് ശരാശരി. കഴിഞ്ഞ ഷെഫീൽഡ് ഷീൽഡ് സീസണിൽ 50-ഓളം ശരാശരിയിൽ മൂന്ന് സെഞ്ചുറികൾ നേടിയ മികവാണ് റെൻഷോക്ക് വീണ്ടും ദേശീയ ടീമിലേക്ക് വഴിതുറന്നത്. 14 ടെസ്റ്റുകൾ കളിച്ചിട്ടുള്ള റെൻഷോ 2023-ൽ ഡൽഹിയിൽ ഇന്ത്യക്കെതിരെയാണ് അവസാനമായി ഓസ്ട്രേലിയക്കായി കളിച്ചത്. ഓപ്പണിങ് സ്ഥാനത്തേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസും പരിഗണനയിലുണ്ട്.

അതിനിടെ, മൂന്നാം നമ്പറിലിറങ്ങുന്ന മാർനസ് ലാബുഷെയ്നിന്‍റെ മോശം ഫോമും സെലക്ടർമാർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 42 ഇന്നിങ്സുകളിൽ ഒരു സെഞ്ചുറി പോലും നേടാനാകാത്ത ലാബുഷെയ്നിന്‍റെ ബാറ്റിങ് ശരാശരി 25.23 മാത്രമാണ്. എന്നാൽ ലാബുഷെയ്ൻ ബാറ്റിങ് താളം കണ്ടെത്തി വരുന്നുണ്ടെന്നും ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഓസീസ് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് പ്രതികരിച്ചു. ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ആദ്യ ടെസ്റ്റില്‍ ട്രാവിസ് ഹെഡ് അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് പൊരുതിയത്.


അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.