കുട്ടികളെ ഉപദ്രവിച്ച് നഗ്നദൃശ്യങ്ങൾ ഭർത്താവിന് അയച്ചു; ഇന്തോനേഷ്യൻ യുവതി സിംഗപ്പൂരിൽ അറസ്റ്റിൽ
കുട്ടികളെ ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭർത്താവിന് അയക്കുകയും ചെയ്ത കേസിൽ ഇന്തോനേഷ്യൻ യുവതി സിംഗപ്പൂരിൽ അറസ്റ്റിൽ. അന്വേഷണം പുരോഗമിക്കുന്നു.
കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭർത്താവിന് അയച്ചുനൽകുകയും ചെയ്ത കേസിൽ ഇന്തോനേഷ്യൻ യുവതിയെ സിംഗപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ പീഡിപ്പിച്ചതിനും കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചതിനുമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സിംഗപ്പൂരിലെ ഒരു ഹൗസിങ് കോളനിയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതി, അവിടെയുള്ള താമസക്കാരുടെ കുട്ടികളെ നോക്കിയും അധിക വരുമാനം കണ്ടെത്തിയിരുന്നു.
ഒരു വയസുള്ള കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ കവിളിലും മൂക്കിലും നുള്ളി കരയിപ്പിക്കുകയും തലയിൽ കുത്തി വേദനിപ്പിക്കുകയും ചെയ്തതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് യുവതിക്ക് മുന്നറിയിപ്പ് നൽകുകയും കുട്ടികളോട് ഇത്തരത്തിൽ പെരുമാറരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട്, അതേ കുഞ്ഞിന്റെ ചെവിയിലേക്ക് ഷവർ ഉപയോഗിച്ച് വെള്ളം ശക്തമായി അടിച്ച് കരയിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. അതേ ദിവസം കുളിക്കുകയായിരുന്ന നാലുവയസുകാരിയുടെ നഗ്നദൃശ്യങ്ങളും യുവതി പകർത്തിയതായാണ് കണ്ടെത്തിയത്.
കൂടാതെ രണ്ട് ആൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ യുവതി സ്വന്തം ഭർത്താവിന് അയച്ചതായി കണ്ടെത്തിയതോടെയാണ് കോളനിയിലെ താമസക്കാർ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ കേസ് സിംഗപ്പൂർ കോടതി പരിഗണിച്ചുവരികയാണ്. കേസിന്റെ തുടർവിചാരണ ഓഗസ്റ്റിലേക്ക് മാറ്റി.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.