സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്'; തുടരന്വേഷണം നടന്നില്ലെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട് 2017ൽ തന്നെ നൽകിയിരുന്നുവെന്ന് മുൻ പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ. എന്നാൽ റിപ്പോർട്ടിൽ തുടർ അന്വേഷണം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട് 2017ൽ തന്നെ താൻ നൽകിയിരുന്നുവെന്ന് ആലപ്പുഴ പല്ലന സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ റിപ്പോർട്ടിന്മേൽ പിന്നീട് തുടർ അന്വേഷണം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുകുമാരക്കുറുപ്പിനെ കണ്ടെത്തണമെന്ന് 2017ൽ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിധിൻ അഗർവാൾ ആവശ്യപ്പെട്ടതായും അലി അക്ബർ പറഞ്ഞു. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് കണ്ടെത്തണമെന്നും മരിച്ചിട്ടുണ്ടെങ്കിൽ മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടെത്തണമെന്നും നിർദേശം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിറക്കുകയായിരുന്നു.
സഹപ്രവർത്തകനായ ശ്യാം ജിക്കൊപ്പം വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെന്നും മഫ്തിയിലടക്കം നടത്തിയ അന്വേഷണത്തിൽ സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും തെളിവുകളും ശേഖരിച്ചെന്നും അലി അക്ബർ പറഞ്ഞു. കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സൂചന നൽകുന്ന വിവരങ്ങൾ കുടുംബാംഗങ്ങളിൽ ചിലരിൽനിന്നും ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇവയെല്ലാം ഉൾപ്പെടുത്തി അന്നത്തെ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിധിൻ അഗർവാളിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ചുമതലയിൽനിന്ന് മാറ്റിയതോടെ റിപ്പോർട്ടിൽ തുടർ അന്വേഷണം ഉണ്ടായില്ലെന്നും അലി അക്ബർ പറഞ്ഞു.
മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എസ്ഐയായിരിക്കുമ്പോഴും സുകുമാരക്കുറുപ്പിനെക്കുറിച്ച് വിശ്വസനീയമായ ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ഇക്കാര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ സുകുമാരക്കുറുപ്പ് കേസ് വീണ്ടും ചർച്ചയായതിനെ തുടർന്ന് മാധ്യമപ്രവർത്തകർ സമീപിച്ചപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന വിവരങ്ങൾ കൈമാറിയതായും അലി അക്ബർ വ്യക്തമാക്കി. തുടർന്ന് സുകുമാരക്കുറുപ്പ് ജോൺ മേനോൻ എന്ന പേരിൽ ബ്രൂണെയിൽ കഴിയുന്നതായി വ്യക്തമായ വിവരം ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ജോൺ മേനോന്റെ പാസ്‌പോർട്ടിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അലി അക്ബർ പറഞ്ഞു.
സുകുമാരക്കുറുപ്പ് അവിടെനിന്ന് രക്ഷപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിന്റെ തുടക്കം മുതൽ തന്നെ നിരവധി പോരായ്മകൾ ഉണ്ടായിരുന്നുവെന്നും ഒരു ഘട്ടത്തിലും ആത്മാർഥമായ അന്വേഷണം നടന്നിട്ടില്ലെന്നും അലി അക്ബർ ആരോപിച്ചു. സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന കാര്യത്തിൽ തനിക്ക് നൂറുശതമാനം വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.