ബിസിനസ്ടുഡേ

ഭവന, വാഹന വായ്പാ പലിശ നിരക്കിൽ മാറ്റമില്ല; റീപ്പോ നിരക്ക് 5.25%ൽ തുടരുമെന്ന് ആർബിഐ

റീപ്പോ നിരക്ക് 5.25%ൽ തുടരും; അടിസ്ഥാന പലിശനിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ. ഇതോടെ അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കിലും മാറ്റമുണ്ടാകില്ല.

im
im

അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ പണനയം പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്തിയതോടെ അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കിൽ മാറ്റമുണ്ടാകില്ല. പണനയ നിർണയ സമിതി (MPC) 'ന്യൂട്രൽ' നിലപാടും തുടരുമെന്ന് പ്രഖ്യാപിച്ചു. തുടർച്ചയായ നാലാം തവണയാണ് റീപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

പശ്ചിമേഷ്യൻ മേഖലയിലെ പ്രതിസന്ധി ആഗോള വിതരണ ശൃംഖലയെ ബാധിച്ചെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം തുടരുകയാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. സ്വകാര്യ നിക്ഷേപം, ആഭ്യന്തര ഉപഭോഗം, ഉപഭോക്തൃ ചെലവുകൾ, ഉൽപന്ന-സേവന കയറ്റുമതി എന്നിവയിൽ വളർച്ചയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ 2026-27 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ആർബിഐ ഉയർത്തി. ആദ്യ പാദത്തിലെ വളർച്ചാ പ്രവചനം 7 ശതമാനമായും രണ്ടാം പാദത്തിലെത് 6.4 ശതമാനമായും വർധിപ്പിച്ചു. മൂന്നാം പാദത്തിലെ പ്രവചനം 6.5 ശതമാനത്തിലും നാലാം പാദത്തിലെത് 6.8 ശതമാനത്തിലും മാറ്റമില്ലാതെ തുടരുന്നു.

അതേസമയം, പണപ്പെരുപ്പ പ്രവചനത്തിൽ നേരിയ കുറവ് വരുത്തി. ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ആദ്യ പാദത്തിലെ പ്രവചനം 4.1 ശതമാനമായും രണ്ടാം പാദത്തിലെത് 4.7 ശതമാനമായും താഴ്ത്തി. മൂന്നാം പാദത്തിലെ പ്രവചനം 5.9 ശതമാനമായി തുടർന്നപ്പോൾ നാലാം പാദത്തിലെ പ്രവചനം 5.5 ശതമാനമായി നേരിയ തോതിൽ ഉയർത്തി.

സാമ്പത്തിക വളർച്ചയും വിലക്കയറ്റവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള നടപടികളാണ് പുതിയ പണനയ തീരുമാനങ്ങളെന്ന് ആർബിഐ വ്യക്തമാക്കി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.