ഇന്ത്യ

10,000 പേർക്ക് തൊഴിൽ ഉറപ്പ്; ബയോഡാറ്റ ഉടൻ അയയ്ക്കണമെന്ന് പ്രശാന്ത് കിഷോർ

പ്രശാന്ത് കിഷോറിന്റെ വൻ തൊഴിൽ പ്രഖ്യാപനം; രണ്ട് വർഷത്തിനുള്ളിൽ 10,000 യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ ജോലി

youth protest
youth protest

പറ്റ്ന: ബങ്കിപ്പൂരിൽ ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യത്തിന് വിരാമമിട്ട് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മണ്ഡലത്തിലെ യുവാക്കൾക്കായി വൻ തൊഴിൽ പദ്ധതിയുമായി പ്രശാന്ത് കിഷോർ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 10,000 യുവാക്കൾക്കെങ്കിലും സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ യുവാക്കൾ തങ്ങളുടെ ബയോഡാറ്റ പ്രശാന്ത് കിഷോറിന്റെ ഓഫീസിലേക്ക് അയച്ചുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചൊവ്വാഴ്ച ബങ്കിപ്പൂരിലെത്തിയപ്പോഴാണ് പ്രശാന്ത് കിഷോർ തൊഴിൽ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡലത്തിൽ പര്യടനം നടത്തിയ അദ്ദേഹം, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അഞ്ചോ ആറോ ദിവസമായി മണ്ഡലത്തിൽ ഉണ്ടായിരുന്നില്ലെന്ന വിമർശനങ്ങൾക്കും മറുപടി നൽകി. താൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനികളുമായും വ്യക്തികളുമായും തനിക്കുള്ള ബന്ധം പ്രയോജനപ്പെടുത്തി ബങ്കിപ്പൂരിലെ യോഗ്യരായ യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ അവസരങ്ങൾ ഒരുക്കാനാണ് പദ്ധതിയെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. യുവാക്കളുടെ വിദ്യാഭ്യാസ യോഗ്യത, കഴിവുകൾ, തൊഴിൽ പരിചയം എന്നിവ പരിഗണിച്ച് അനുയോജ്യമായ അവസരങ്ങൾ കണ്ടെത്തുന്നതിനാണ് ബയോഡാറ്റ ശേഖരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർക്കാർ ജോലി വാഗ്ദാനം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. പദ്ധതിയുടെ തുടക്കത്തിൽ ചില യുവാക്കൾക്ക് തൊഴിൽ ആവശ്യത്തിനായി ബിഹാറിന് പുറത്തേക്ക് പോകേണ്ടി വന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 കുടുംബങ്ങൾക്ക് തൊഴിൽ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ജൻ സുരാജ് പാർട്ടി ബിഹാറിൽ അധികാരത്തിലെത്തുകയാണെങ്കിൽ, തൊഴിൽ തേടി യുവാക്കൾക്ക് സംസ്ഥാനം വിടേണ്ട സാഹചര്യം ഇല്ലാതാക്കുമെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു. യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് തന്റെ ദീർഘകാല ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.