ഇന്ത്യ

ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; 2 ദിവസത്തെ അവധിയടക്കം 5 പ്രധാന ആവശ്യങ്ങൾ

ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് ബാങ്ക് യൂണിയനുകൾ പണിമുടക്കിലേക്ക്. ചർച്ചകൾ പരാജയപ്പെട്ടാൽ ഈ മാസം തുടർച്ചയായി അഞ്ച് ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യത. ഒക്ടോബർ മുതൽ അനിശ്ചിതകാല സമരത്തിനും പ്രഖ്യാപനം.

bank
bank

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് അസോസിയേഷനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടരുകയാണ്.

കഴിഞ്ഞദിവസം ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെയാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ടുപോയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ബാങ്ക് ജീവനക്കാരുടെ നീക്കം.

രാജ്യത്തെ ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന ആവശ്യങ്ങൾ

എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും ബാങ്ക് അവധിയാക്കുക, വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക കാലാനുസൃതമായി പരിഷ്കരിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

ബാങ്കുകളിലെ ഒഴിവുകൾ നികത്തുക, നിലവിലുള്ള ഒഴിവുകളിൽ സ്ഥിര നിയമനം നടത്തുക, ബാങ്കിംഗ് സേവനങ്ങൾ സുഗമമാക്കുന്നതിനായി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

നിശ്ചിത ജോലി സമയം ഉറപ്പാക്കണമെന്നും അമിതമായ ടാർഗറ്റുകൾ മൂലമുണ്ടാകുന്ന മാനസിക സമ്മർദം കുറയ്ക്കാൻ നടപടിയെടുക്കണമെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് യൂണിയനുകളുടെ നീക്കം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.