ബലാത്സംഗ പരാതി നൽകി; ജയിലിലായ പ്രതിയെ വിവാഹം കഴിക്കണമെന്ന് അതിജീവിത, ഒടുവിൽ ട്വിസ്റ്റ്
ബലാത്സംഗക്കേസിൽ അറസ്റ്റിലായ യുവാവിനെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത; പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ ശുചീകരണ ലായനി കുടിച്ച് ആത്മഹത്യാശ്രമം.
ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിലായ യുവാവിനെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം.
വെള്ളിയാഴ്ചയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി ചൗരി ചൗര പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
എന്നാൽ അറസ്റ്റിന് പിന്നാലെ യുവതി വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ യുവാവ് ജയിലിലാണെന്നും കേസ് അന്വേഷണത്തിലായതിനാൽ നടപടിക്രമങ്ങൾ പാലിക്കാതെ കാണാനോ സംസാരിക്കാനോ സാധിക്കില്ലെന്നും പൊലീസ് അറിയിച്ചു. എന്നാൽ യുവതി നിലപാടിൽ ഉറച്ചുനിന്നു.
സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങിയ യുവതി കൈവശമുണ്ടായിരുന്ന ശുചീകരണ ലായനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ പൊലീസ് യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, യുവതിയുടെ ആരോഗ്യനില പൂർണമായും വീണ്ടെടുത്ത ശേഷമേ ബലാത്സംഗക്കേസിലെ അന്വേഷണം തുടർനടപടികളിലേക്ക് കടക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.