ഇന്ത്യ

ബ്രിക്സ് ഉച്ചകോടിയിൽ കോൺഗ്രസിൽ ഭിന്നസ്വരം; ചിദംബരത്തിന് വിമർശനം, ശശി തരൂരിന് പിന്തുണ

ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യക്ക് എന്ത് പ്രയോജനമെന്ന പി. ചിദംബരത്തിന്റെ ചോദ്യത്തിന് പിന്നാലെ ഭിന്നാഭിപ്രായവുമായി ശശി തരൂർ. ബ്രിക്സ് ഇന്ത്യയുടെ നയതന്ത്ര കരുത്ത് വ്യക്തമാക്കുന്നതാണെന്ന് തരൂർ.

brics
brics

ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ചോദ്യത്തിന് പിന്നാലെ ഭിന്നാഭിപ്രായവുമായി ശശി തരൂർ എംപി. ബ്രിക്സ് കൂട്ടായ്മ ഇന്ത്യയുടെ നയതന്ത്ര ഏകോപന കരുത്ത് വ്യക്തമാക്കുന്നതാണെന്ന് ശശി തരൂർ പറഞ്ഞു.

നൂറിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്ലോബൽ സൗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പ്രമുഖ രാജ്യങ്ങളാണ് ബ്രിക്സിൽ ഒത്തുചേരുന്നതെന്ന് തരൂർ ചൂണ്ടിക്കാട്ടി. ലോക ജനസംഖ്യയുടെ ഭൂരിഭാഗവും ആഗോള ജിഡിപിയുടെ 41 ശതമാനവും പ്രതിനിധീകരിക്കുന്ന ഈ കൂട്ടായ്മയെ ലോകത്തിന് നിസ്സാരമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അഭിമാനം നൽകുന്ന ഒന്നാണെന്നും തരൂർ വിശേഷിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും നിരീക്ഷകരും പങ്കെടുക്കുന്ന ഉച്ചകോടി ആഗോളതലത്തിൽ ഇന്ത്യയ്ക്കുള്ള നയതന്ത്ര സ്വാധീനം ഉയർത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഇത്തരം ഒത്തുചേരലുകൾക്ക് വലിയ മൂല്യമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, ബ്രിക്സ് കൂട്ടായ്മ നേരിടുന്ന വെല്ലുവിളികളും തരൂർ ചൂണ്ടിക്കാട്ടി. പ്രധാന ആഗോള വിഷയങ്ങളിൽ പൊതുസമ്മതത്തിലെത്താനുള്ള ബുദ്ധിമുട്ടാണ് പ്രധാന വെല്ലുവിളികളിലൊന്ന്. നേരത്തെ ഡൽഹിയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യ–യുക്രൈൻ യുദ്ധം, ഇറാൻ വിഷയം തുടങ്ങിയവയിൽ സംയുക്ത പ്രഖ്യാപനം നടത്താൻ കഴിയാതെ പോയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര മേഖലയിലെ അസന്തുലിതാവസ്ഥയും തരൂർ ചൂണ്ടിക്കാട്ടി. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർധിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറയുകയും അവിടെ നിന്നുള്ള ഇറക്കുമതി ഉയരുകയും ചെയ്യുന്നത് പ്രധാന വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രത്യക്ഷമായ നേട്ടമുണ്ടായോ എന്ന് സംശയമാണെന്നായിരുന്നു പി. ചിദംബരത്തിന്റെ വിമർശനം. ബ്രിക്സ്, എസ്‌സിഒ, ജി20, ക്വാഡ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യ ഭാഗമാണെങ്കിലും ഇവയിലൂടെ രാജ്യത്തിന് ലഭിച്ച കൃത്യമായ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം.

ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യ കൈവരിക്കുന്ന ആഗോള പുരോഗതിയും വിജയങ്ങളും ദഹിക്കാത്ത ‘മുഖം തിരിഞ്ഞുനിൽക്കുന്ന അമ്മാവൻ’ നിലപാടാണ് ചിദംബരത്തിന്റേതെന്ന് ബിജെപി പരിഹസിച്ചു. സർക്കാരിന്റെ നയതന്ത്ര ശ്രമങ്ങളെ അനാവശ്യമായി കുറ്റപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.