ദീപാവലി യാത്രാ പ്ലാനുണ്ടോ? ടിക്കറ്റ് നിരക്ക് കുതിക്കുന്നു; റിട്ടേൺ ടിക്കറ്റ് ₹18,000 വരെ
ദീപാവലി യാത്രാ പ്ലാനുണ്ടോ? ✈️ രാജ്യത്തെ പ്രധാന ആഭ്യന്തര വിമാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഉത്സവ സീസണിലെ യാത്രാ ആവശ്യകത വർധിച്ചതും ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ സീറ്റുകളുടെ എണ്ണം കുറച്ചതുമാണ് നിരക്ക് ഉയരാൻ പ്രധാന കാരണം.

ദീപാവലി ആഘോഷങ്ങൾക്കായി നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർക്ക് തിരിച്ചടി. രാജ്യത്തെ പ്രധാന ആഭ്യന്തര വിമാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. നവംബർ 6 മുതൽ 8 വരെയുള്ള യാത്രകൾക്ക് പ്രധാന നഗരങ്ങളിൽ നിന്ന് ഉയർന്ന നിരക്കാണ് എയർലൈനുകൾ ഈടാക്കുന്നത്.
പ്രധാന റൂട്ടുകളിലെ റിട്ടേൺ ടിക്കറ്റ് നിരക്കുകൾ
- ദില്ലി–ഹൈദരാബാദ്: ₹18,000 വരെ — എയർ ഇന്ത്യ
- ദില്ലി–കൊൽക്കത്ത: ₹17,000 വരെ — എയർ ഇന്ത്യ
- ദില്ലി–അഹമ്മദാബാദ്: ₹17,000 വരെ — എയർ ഇന്ത്യ
- ദില്ലി–ബെംഗളൂരു: ₹16,000 വരെ
- ദില്ലി–മുംബൈ: ₹13,000 വരെ — ഇൻഡിഗോ
ഉത്സവ സീസണിലെ യാത്രാ ആവശ്യകത പെട്ടെന്ന് ഉയർന്നതും കുറഞ്ഞ നിരക്കിലുള്ള സീറ്റുകൾ വേഗത്തിൽ വിറ്റുതീർന്നതുമാണ് ടിക്കറ്റ് നിരക്ക് ഉയരാൻ പ്രധാന കാരണം. ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തിലൂടെയാണ് ആവശ്യകതയ്ക്കനുസരിച്ച് നിരക്കുകളിൽ മാറ്റം വരുന്നത്.
വ്യോമയാന ഡാറ്റാ ഏജൻസിയായ ഒഎജിയുടെ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളുടെ സീറ്റ് ശേഷിയിൽ 5.6 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇൻഡിഗോ 4.5 ശതമാനവും എയർ ഇന്ത്യ 8.8 ശതമാനവും സീറ്റുകളുടെ എണ്ണം കുറച്ചതായാണ് കണക്ക്. ഉയർന്ന പ്രവർത്തനച്ചെലവും വിമാനങ്ങളുടെ ലഭ്യതക്കുറവുമാണ് സീറ്റ് ശേഷി കുറയ്ക്കാൻ പ്രധാന കാരണങ്ങളെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളുടെ 90 ശതമാനത്തിലധികവും ഇൻഡിഗോയും എയർ ഇന്ത്യയും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ഇരു കമ്പനികളും സർവീസുകളിലും സീറ്റ് ശേഷിയിലും വരുത്തിയ കുറവ് തിരക്കേറിയ ഉത്സവകാലത്ത് സീറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ദീപാവലി യാത്രയ്ക്കുള്ള ആവശ്യം ഇനിയും ഉയരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ ഉത്സവകാലത്ത് വിമാനയാത്ര ആസൂത്രണം ചെയ്യുന്നവർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട സാഹചര്യമാണുള്ളത്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.