ഇന്ത്യ-പാക് കപ്പൽ കൂട്ടിയിടി: പാകിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യ; ‘അപകടകരമായ നീക്കം’ നടത്തിയെന്ന് ആരോപണം
ഇന്ത്യ കടന്നുകയറിയെന്ന പാകിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യ; ‘കള്ളപ്രചാരണം’ അവസാനിപ്പിച്ച് കരാറുകളും വ്യവസ്ഥകളും പാലിക്കണമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ.

വടക്കൻ അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൊൽക്കത്തയും പാകിസ്ഥാൻ നാവികസേനയുടെ പിഎൻഎസ് ഹുനൈനും കൂട്ടിയിടിച്ച സംഭവത്തിൽ പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ. പാകിസ്ഥാൻ കപ്പൽ നടത്തിയ അപകടകരമായ ഓവർടേക്കിങ് നീക്കമാണ് കൂട്ടിയിടിക്ക് കാരണമായതെന്നാണ് ഇന്ത്യയുടെ നിലപാട്.
1991ലെ ഇന്ത്യ–പാകിസ്ഥാൻ കരാർ പ്രകാരം കടലിലുള്ള നാവിക യൂണിറ്റുകൾ തമ്മിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അകലം പാലിക്കണം. ഈ വ്യവസ്ഥ പിഎൻഎസ് ഹുനൈൻ ലംഘിച്ചെന്നും അന്താരാഷ്ട്ര സമുദ്രനിയമങ്ങളും കപ്പൽ ലംഘിച്ചെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ കപ്പലാണ് തങ്ങളുടെ സമുദ്രപരിധിയിൽ കടന്ന് അപകടകരമായി നീങ്ങിയതെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം. ഈ ആരോപണങ്ങൾ ഇന്ത്യ തള്ളി.
പാകിസ്ഥാന്റെ പ്രതികരണം തങ്ങൾ കണ്ടതായും ആരോപണങ്ങളും സൂചനകളും തള്ളുന്നതായും ജയ്‌സ്വാൾ വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരുരാജ്യങ്ങളുടെയും സൈനിക യൂണിറ്റുകൾ നിലവിലുള്ള കരാറുകളും അന്താരാഷ്ട്ര ചട്ടങ്ങളും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ ഐഎൻഎസ് കൊൽക്കത്തയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കപ്പൽ ഇപ്പോഴും കടലിൽ പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യ അറിയിച്ചു

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.