പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും ബലാത്സംഗം ചെയ്തെന്ന് ആരോപണം; നാട്ടുകാരുടെ മർദനത്തിൽ മരിച്ചു
ജാമ്യത്തിലിറങ്ങിയ പീഡനക്കേസിലെ പ്രതിക്കെതിരെ വീണ്ടും ബലാത്സംഗാരോപണം; പ്രകോപിതരായ നാട്ടുകാരുടെ മർദനത്തിൽ മരിച്ചു.
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിനെതിരെ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാരോപണം. തുടർന്ന് പ്രകോപിതരായ നാട്ടുകാർ യുവാവിനെ മർദിച്ചതിനെ തുടർന്ന് മരിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
2023-ൽ മറ്റൊരു പീഡനക്കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീടിന് പുറത്തേക്ക് പോയ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുടുംബാംഗങ്ങൾ രാത്രിയൊട്ടാകെ നടത്തിയ തിരച്ചിലിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ പെൺകുട്ടിയാണ് തനിക്കുനേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് കുടുംബത്തോട് വിവരിച്ചത്.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സമീപഗ്രാമത്തിലെ പ്രതിയുടെ വീട്ടിലെത്തി. യുവാവിനെ വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി വടികളും കല്ലുകളും ഉപയോഗിച്ച് മർദിച്ചെന്നാണ് പൊലീസ് പറയുന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് തൻഡവ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രഭാത് രഞ്ജൻ ബർവാർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സംഘവും ഛത്ര സന്ദർശിക്കുമെന്ന് ചെയർമാൻ ഹെദായത്തുള്ള ഖാൻ അറിയിച്ചു.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.