ജോസഫ് വിജയ്–സംഗീത വിവാഹമോചന ഹർജി ഇന്ന് കോടതിയിൽ
വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് സംഗീത ഫെബ്രുവരിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചതെന്ന് റിപ്പോർട്ടുകൾ. കേസിൽ ഇന്ന് കോടതി പരിഗണന നടക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച വിവാഹമോചന ഹർജി ഇന്ന് ചെങ്കൽപ്പട്ട് കുടുംബ കോടതി പരിഗണിക്കും. നേരത്തെ ജൂൺ 15-ന് കേസ് പരിഗണിച്ചിരുന്നെങ്കിലും വിജയും സംഗീതയും കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും അതുമൂലം തനിക്ക് മാനസിക പീഡനം അനുഭവിക്കേണ്ടിവന്നുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. 2021 മുതൽ ഈ ബന്ധം തുടരുകയാണെന്നും അത് അവസാനിപ്പിക്കാമെന്ന് വിജയ് വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും സംഗീത ആരോപിക്കുന്നു. വിജയ് നടിക്കൊപ്പം വിദേശയാത്രകൾ നടത്തുകയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നത് തനിക്കും മക്കൾക്കും അപമാനകരമാണെന്നും ഹർജിയിൽ പറയുന്നു.
ഇതിനിടെ, വിജയ് നടി തൃഷയ്‌ക്കൊപ്പം ചെന്നൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതും ചർച്ചയായിരുന്നു.
അതേസമയം, കേസ് കോടതിക്ക് പുറത്തുതന്നെ ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശമായി നൽകാൻ വിജയ് തയ്യാറാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
1999-ലാണ് വിജയും സംഗീതയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.