ഇന്ത്യ

‘കേരളത്തിൽ ആരെങ്കിലും ജയിലിൽ പോയോ?’; ഒമർ അബ്ദുള്ളയോട് കോൺഗ്രസ്, വന്ദേമാതര വിവാദം മുറുകുന്നു

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതികരണത്തോട് മറുപടിയുമായി കോൺഗ്രസ്. ഒമർ അബ്ദുള്ളയുടെ പരാമർശം യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാര പറഞ്ഞു.

VANDE
VANDE

ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെ ചൊല്ലിയുള്ള തർക്കം തുടരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതികരണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഒമർ അബ്ദുള്ളയുടെ പ്രതികരണം യാഥാർഥ്യവുമായി ബന്ധമില്ലാത്തതും നിർഭാഗ്യകരവുമാണെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാര പറഞ്ഞു.

കേരളത്തിൽ വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഇതിന്റെ പേരിൽ ആരെങ്കിലും ജയിലിൽ പോയിട്ടുണ്ടോയെന്നും താരിഖ് ഹമീദ് കാര ചോദിച്ചു. ഈ വിഷയവുമായി പൊതുജനങ്ങൾക്ക് കാര്യമായ ബന്ധമില്ലെന്നും സർക്കാരാണ് ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് ആദ്യ രണ്ട് ഖണ്ഡികകളിൽ പരിമിതപ്പെടുത്തിക്കൊണ്ട് കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയ കാര, മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ മൂല്യങ്ങൾക്കായി ഒമർ അബ്ദുള്ളയ്ക്കും നിലകൊള്ളാനാകുമോയെന്നും ചോദിച്ചു.

ജമ്മു കശ്മീർ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെയാണ് വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായത്. വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് നിർദേശത്തോട് ഒമർ അബ്ദുള്ള ശക്തമായി പ്രതികരിച്ചിരുന്നു.

വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിക്കുന്നത് നിയമപരമായ ബാധ്യതയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കശ്മീരികളെ ജയിലിലടയ്ക്കാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, വന്ദേമാതരം രാജ്യത്തിന്റെ ദേശീയ ഗാനമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും പ്രതികരിച്ചു. ഇതോടെ വിഷയത്തിൽ കോൺഗ്രസും ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസും തമ്മിലുള്ള അഭിപ്രായവ്യത്യാസം കൂടുതൽ ശക്തമായി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.