ഖർഗെയെ അപമാനിച്ചെന്ന പരാതി; ‘ശുദ്ധീകരണത്തിൽ’ നടപടിയാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി ഇന്ന്
മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതായാണ് പ്രതിപക്ഷ എംപിമാരുടെ ആരോപണം. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോകണമെന്നും എംപിമാർ ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പ്രതിപക്ഷത്തെ 32 എംപിമാർ. നിലവിലുള്ള നിയമനടപടികൾ കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട 32 എംപിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്. പരാതിയിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെടും.
അതേസമയം, അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. ഉത്തരാഖണ്ഡിലും ബെംഗളൂരുവിലുമായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഹൽദ്വനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുറാലിക്ക് പിന്നാലെ ‘ശുദ്ധീകരണ യജ്ഞം’ നടത്തിയിരുന്നു. ഇതിനെതിരെയാണ് പരാതി ഉയർന്നത്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.