'മോദി ഹനുമാനെ പോലെ, അധിക്ഷേപം കേട്ട് കണ്ണ് നിറഞ്ഞുവെന്ന് പവൻ കല്യാൺ
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ മോദിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമർശങ്ങൾ കേട്ട് താൻ വികാരഭരിതനായെന്നും, മോദിയുടെ ജീവിതത്തിലെ ത്യാഗങ്ങളും രാജ്യസേവനവും പുതിയ തലമുറ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ മോദിയെ രാമായണത്തിലെ ഹനുമാനോട് ഉപമിച്ചും പവൻ കല്യാൺ സംസാരിച്ചു.
മോദിക്കെതിരായ അധിക്ഷേപം കേട്ട് കണ്ണ് നിറഞ്ഞു; ഹനുമാനോട് ഉപമിച്ച് പവൻ കല്യാൺ
വിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ ഉയർന്ന അധിക്ഷേപ പരാമർശങ്ങൾ കേട്ട് താൻ വികാരഭരിതനായെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പറഞ്ഞു. വിശാഖപട്ടണത്തിന് സമീപമുള്ള ഭോഗാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നരേന്ദ്ര മോദി ജീവിതത്തിൽ നേരിട്ട കഷ്ടപ്പാടുകളും രാജ്യത്തിനായി നടത്തിയ ത്യാഗങ്ങളും ഇന്നത്തെ തലമുറ മനസ്സിലാക്കണമെന്നും പവൻ കല്യാൺ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമായി പ്രധാനമന്ത്രി നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായതിന് ശേഷം മോദി ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ലെന്നും, അദ്ദേഹത്തിനെതിരായ അധിക്ഷേപം തങ്ങളെ വേദനിപ്പിക്കുന്നതാണെന്നും പവൻ കല്യാൺ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി മോദി ആത്മാർഥമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളിൽ നല്ല മൂല്യങ്ങളും ദേശസ്നേഹവും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും പവൻ കല്യാൺ പറഞ്ഞു.
പ്രസംഗത്തിനിടെ നരേന്ദ്ര മോദിയെ രാമായണത്തിലെ ഹനുമാനോട് ഉപമിച്ച പവൻ കല്യാൺ, എത്ര തടസ്സങ്ങൾ ഉണ്ടായാലും രാജ്യസേവനത്തിൽ മോദി ഉറച്ചുനിൽക്കുകയാണെന്നും അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.